ചവറ: ചരിത്രപ്രസിദ്ധമായ ചവറ മേജർ ശ്രീ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ചമയവിളക്കു മഹോത്സവം 23, 24 തീയതികളിൽ നടക്കും.
അഭീഷ്ട കാര്യസിദ്ധിക്കായി പുരുഷന്മാർ വ്രതാനുഷ്ഠാനത്തോടെ സ്ത്രീ വേഷം ധരിച്ചു വിളക്കെടുക്കുന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തർ ചമയവിളക്ക് എടുക്കാനായി ക്ഷേത്രത്തിൽ എത്താറുണ്ട്.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്ര ചവറ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു.
അവിടെനിന്ന് കൊറ്റംകുളങ്ങര ഓട്ടോ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് വകയായി നടക്കുന്ന മയിലാട്ടം, മയൂരനൃത്തം, മുത്തുക്കുടകൾ, പ്ലോട്ടുകൾ അലങ്കരിച്ച ഓട്ടോറിക്ഷകൾ, ഗജവീരന്മാർ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കൊറ്റംകുളങ്ങര കുഞ്ഞാലുംമൂട് വഴി ക്ഷേത്രത്തിലെത്തി ദേവീ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി.