മൺറോതുരുത്ത്: ടൂറിസം ഗ്രാമമായ മൺറോതുരുത്തിന്റെ പ്രവേശന കവാടമായ ഇടിയക്കടവ് ജംഗ്ഷൻ സന്ധ്യയാകുന്നതോടെ കൂരിരുട്ടിൽ മുങ്ങുന്ന അവസ്ഥയിൽ. തെരുവ് വിളക്കുകളോ ഹൈമാസ്റ്റ് ലൈറ്റോ ഇല്ലാത്തതിനാൽ മൺറോതുരുത്തിലെ പ്രധാന ജംഗ്ഷനായ ഇവിടം രാത്രികാലങ്ങളിൽ ഭീതിദമാണ്.
പാലത്തിന്റെ ഇരുകരകളിലുമായി നദീതീരത്തുള്ള ഇരുവശങ്ങളിലെയും റോഡുകൾ വന്ന് പ്രധാന റോഡിൽ സംഗമിക്കുന്നത് ഈ ജംഗ്ഷനിലാണ്. മൺറോതുരുത്തിലേക്കുള്ള പത്രക്കെട്ടുകൾ വിതരണത്തിനെത്തുന്ന സ്ഥലമായതിനാൽ പുലർച്ചെ വെളിച്ചമില്ലാത്തത് പത്ര ഏജന്റുമാരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഏറെ നാളുകളായി ഇടിയക്കടവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ആവശ്യം ഉന്നയിച്ച് കെ.പി.സി.സി വിചാർ വിഭാഗ് മൺറോതുരുത്ത് മണ്ഡലം ചെയർമാൻ കന്നിമേൽ അനിൽകുമാറിന്റെ നേതൃത്വത്തിൽ കൊടിക്കുന്നിൽ എം.പിക്ക് നിവേദനം നൽകി.
ഇവിടെയെത്തിയാൽ ഭയപ്പെടണം
മൺറോതുരുത്തിനെ കിഴക്കേകല്ലടയുമായി ബന്ധിപ്പിക്കുന്ന ഇടിയക്കടവ് പാലം വളരെ ഇടുങ്ങിയതും കൈവരികൾ ദുർബലപ്പെട്ടതുമാണ്. നദീതീരം കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ജംഗ്ഷനിൽ വെളിച്ചമില്ലാത്തതിനാൽ നാട്ടുകാർക്ക് പേടികൂടാതെ പാലത്തിലൂടെയോ ജംഗ്ഷനിലൂടെയോ രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ കഴിയില്ല.