കുന്നത്തൂർ: കാർഷിക, ക്ഷീര വികസന മേഖലയ്ക്കും പാർപ്പിട പദ്ധതിക്കും വിദ്യാഭ്യാസ മേഖലകൾക്കും മുൻതൂക്കം നൽകി ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. 29,93,00,817 രൂപ വരവും 29,50,02,000 രൂപ ചെലവും 42,98,817 രൂപ മിച്ചവുമുളള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് എസ്. ഹാരീസ് അവതരിപ്പിച്ചത്. കൃഷി അനുബന്ധ മേഖലയ്ക്ക് 60,80,000 രൂപയും മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകൾക്ക് 92,50,000 രൂപയും വകയിരുത്തി. ക്ഷേമപദ്ധതികൾക്ക് 8,00,00,000 രൂപയും സമ്പൂർണ ഭവനപദ്ധതി, ലെഫ് മിഷൻ എന്നിവയ്ക്ക് 1,90,58000 രൂപയും ശുചിത്വം മാലിന്യസംസ്‌കരണം എന്നിവയ്ക്ക് 49 ലക്ഷം രൂപയും വകയിരുത്തി.
വിദ്യാഭ്യാസം, ശിശുക്ഷേമ മേഖലയ്ക്ക് 1,03,00000 രൂപയും വയോജനക്ഷേമത്തിന് 1000000 രൂപയും പട്ടികജാതി വികസനത്തിന് 5000000 രൂപയും വനിതാക്ഷേമത്തിന് 30,00,000 രൂപയും വകയിരുത്തി. പശ്ചാത്തലമേഖലയിൽ 2,70,90,500 രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ സമഗ്രവികസനത്തിനും വനിതകൾക്കും ദുർബല വിഭാഗങ്ങൾക്കുമായും തുക വകയിരുത്തിയിട്ടുണ്ട്. ബഡ്‌സ് സ്‌കൂൾ ആരംഭിക്കൽ, എല്ലാ സ്‌കൂളിലും പ്രഭാതഭക്ഷണം നൽകൽ, പ്ലാസ്റ്റിക്ക് വിമുക്തമാക്കൽ, എല്ലാ സ്‌കൂളുകളിലും സ്മാർട്ട് ക്ലാസ് റും സജ്ജീകരിക്കൽ, ജൈവപച്ചക്കറി കൃഷി(ഹരിത ഭവൻ), പാടനിലങ്ങൾ തരിശ് രഹിതമാക്കൽ, ക്ഷീരധാര, ആരോഗ്യഗ്രാമം, സംരഭക ക്ലബ് രൂപീകരിക്കൽ, അഗതി രഹിത പഞ്ചായത്ത്, വയോജന ക്ലബ്,വിശപ്പ് രഹിത ഗ്രാമം, മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിദുരന്ത നിവാരണ സേന സംഘടിപ്പിക്കൽ തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.