pho
ഒറ്റക്കല്ലിൽ മൂന്ന് വയസുകാരിയെ തട്ടി കൊണ്ട് പോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഉറുകുന്നിൽ തടഞ്ഞു വച്ചപ്പോൾ

 തമിഴ് യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

പുനലൂർ: ഒറ്റക്കല്ലിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച തമിഴ്നാട്ടുകാരിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തിരുനെൽവേലി സ്വദേശിനി ഷൺമുഖ തായിയാണ് (37) പിടിയിലായത്. ഇന്നലെ ഉച്ചയോടെ ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ഉറുകുന്ന് കുരിശു മലയടിവാരം സ്വദേശിനിയായ രമ്യയുടെ മകളെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.

ട്രെയിനിൽ ഒറ്റക്കൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതി റോഡരികിലെ വീട്ടിൽ കയറി ഭക്ഷണം ആവശ്യപ്പെട്ടു. മാതാവ് ഭക്ഷണമെടുക്കാൻ അടുക്കളയിലേക്ക് കയറിയപ്പോൾ യുവതി കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് നടന്നു. ഇതുകണ്ട് സമീപവാസികൾ ബഹളം വച്ചപ്പോൾ വേഗത്തിൽ നടന്നുപോയ യുവതിയെ ഉറുകുന്ന് ജംഗ്ഷനിൽ വച്ച് നാട്ടുകാർ തടഞ്ഞ് തെന്മല പൊലീസിന് കൈമാറി.

ഇവരുടെ കൈയിൽ നിന്ന് 65,000 ഓളം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

റോഡിൽ നിന്ന കുട്ടിയുടെ കൈയിൽ പിടിച്ചതേയുള്ളുവെന്നാണ് യുവതി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് സ്കൂൾ വിട്ടെത്തിയ 12കാരിയെ പിന്തുടർന്ന് ഓടിച്ചിരുന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് തമിഴ്നാട്ടിലേക്കുള്ള ബസിൽ കയറ്റിവിട്ടു. സംഭവത്തിൽ റൂറൽ എസ്.പി ഹരിശങ്കർ തെന്മല സി.ഐ മണികണ്ഠൻ ഉണ്ണിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് വീണ്ടും തട്ടികൊണ്ട് പോകാൻ ശ്രമം നടന്നത്.