v
കൊറോണ

 എത്തിയത് ഈ മാസം 10ന്

കൊല്ലം: ഇന്നലെ കൊറോണ സ്ഥിരീകരിച്ച വർക്കല പാലം ബീച്ച് റിസോർട്ടിൽ തങ്ങിയിരുന്ന ഇറ്റാലിയൻ സഞ്ചാരി പാരിപ്പള്ളിയിലെത്തിയത് കൊറോണയുണ്ടോയെന്ന് അറിയാനുള്ള രക്തപരിശോധനയ്ക്ക്. ഈമാസം 10നാണ് ഇറ്റലിക്കാരൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിയത്.

പാരിപ്പള്ളിയിൽ നടത്തിയ രക്തപരിശോധനാ ഫലം പുറത്ത് വന്നപ്പോഴാണ് കൊറോണ ഉള്ളതായി സ്ഥിരീകരിച്ചത്. വർക്കലയിലെത്തുന്ന ടൂറിസ്റ്റുകൾ പലപ്പോഴും പാരിപ്പള്ളി വഴിയാണ് മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നത്. രക്തപരിശോധനയ്ക്ക് മുൻപ് പാരിപ്പള്ളിയിലോ സമീപ പ്രദേശങ്ങളിലോ എത്തിയിട്ടുണ്ടോയെന്ന വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

വിദേശികളായ യാത്രക്കാരുടെയും തിരികെയെത്തുന്ന നാട്ടുകാരുടെയും യാത്രാവിവരങ്ങൾ അപ്പോൾതന്നെ രേഖപ്പെടുത്തുന്നതിന് നടപടി കൈക്കൊള്ളുന്നതിന് ജില്ലാ കളക്ടർ അബ്ദുൽ നാസർ നിർദ്ദേശം നൽകി. വിദേശികളായ പൗരന്മാരെ താമസിപ്പിക്കുന്നതിന് ഹോട്ടലുകൾ വിസമ്മതം പ്രകടിപ്പിക്കുന്നതുമൂലം പൊതുസ്ഥലങ്ങളിൽ കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കൊറോണ പകർച്ച വ്യാപകമാകുന്ന സാഹചര്യത്തിലേയ്ക്ക് നയിക്കാം. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കാൻ കളക്ടർ നിർദ്ദേശം നൽകി.

ഇറ്റലിക്കാരന്റെ സഞ്ചാര വഴികൾ തെരയുന്നു

കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ വർക്കലയിലെ റിസോർട്ടിൽ തങ്ങിയ ഇറ്റലിക്കാരൻ സഞ്ചരിച്ച പാരിപ്പള്ളിയിലേതടക്കമുള്ള സ്ഥലങ്ങളും കയറിയ കടകളും സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ച് തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദരൂപരേഖ തയ്യാറാക്കി ഇടപെട്ട് കാണാൻ സാദ്ധ്യതയുള്ളവരെല്ലാം നിരീക്ഷണത്തിലാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ കോറോണ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.

കൊല്ലത്ത് 404 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 404 പേർ നിരീക്ഷണത്തിലാണ്. 393 പേർ ഗൃഹനിരീക്ഷണത്തിലും 11 പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണ്.
220 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 96 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 124 പേരുടെ പരിശോധിനാഫലം നെഗറ്റീവാണ്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

ബോധവത്കരണം ശക്തം

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കൊറോണ ബോധവത്കരണ നോട്ടീസ് വിതരണം ആരംഭിച്ചു. പൊതുയോഗങ്ങൾ, ചടങ്ങുകൾ എന്നിവ നടത്തുമ്പോൾ 20 ൽ കുറച്ച് ആളുകൾ പങ്കെടുക്കുന്ന തരത്തിൽ ക്രമീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.