കൊല്ലം: കൊറോണ രോഗത്തെ ഭീതിയോടെ കാണുന്നതും തെറ്റായ ധാരണകൾ സൃഷ്ടിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നതുമായ സമീപനകൾ മാറ്റണമെന്നും ഇതിനായി കൂടുതൽ ബോധവത്കരണം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സി. രാധാമണി പറഞ്ഞു. ഭാരത് സേവക് സമാജ് സംഘടിപ്പിച്ച 'കൊറോണ എന്ന മഹാവ്യാധി, പ്രതിവിധിയും മുൻകരുതലും' എന്ന പഠന ക്ലാസും സെമിനാറും കൊല്ലം ഗാന്ധി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊറോണയെ കുറിച്ചുള്ള ഭീതി അകറ്റുകയാണ് പ്രധാന പ്രതിരോധം. ഒപ്പം ശക്തമായ കരുതൽ വേണമെന്നും സി. രാധാമണി പറഞ്ഞു.
ബി.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. പ്രകാശൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ. സന്തോഷ് കുമാർ ബോധവത്കരണ ക്ളാസെടുത്തു. മഞ്ജു നാരായണൻ, ഷൈമി, ഷീജ, നിസാർ, രാജേഷ് എന്നിവർ പഠന ക്ലാസിന് നേതൃത്വം നൽകി.
പഠനക്ലാസിൽ പങ്കെടുത്ത ബി.എസ്.എസ് സന്നദ്ധ പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.