രാവിലെ 8 മുതൽ സന്ധ്യമയങ്ങുന്ന വരെ വൈദ്യുതി മുടങ്ങി
കൊല്ലം: കൊടുംചൂടിൽ ജനങ്ങൾ വലയുമ്പോൾ വൈദ്യുതി വിച്ഛേദിച്ച് ദുരിതം ഇരട്ടിയാക്കി കെ.എസ്.ഇ.ബിയുടെ ക്രൂരത. ഇന്നലെ പകൽ മുഴുവൻ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, എ.ആർ ക്യാമ്പ്, കോളേജ് ജംഗ്ഷൻ തുടങ്ങി നഗരത്തിലെ പല മേഖലകളിലും വൈദ്യുതി ഇല്ലായിരുന്നു. രാവിലെ 8ന് നിലച്ച വൈദ്യുതി ബന്ധം സന്ധ്യ മയങ്ങിയ ശേഷമാണ് പുനഃസ്ഥാപിച്ചത്.
കൊടുംചൂടിൽ പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഭൂരിഭാഗം സമയവും വീടുകളിലും സ്ഥാപനങ്ങളിലും കഴിച്ച് കൂട്ടുകയാണ് ജനങ്ങൾ. കൊറോണ ഭീഷണി കൂടി ഉയർന്നതോടെ മിക്കവരും ഒഴിവാക്കാൻ കഴിയുന്ന പരമാവധി യാത്രകളും ചടങ്ങുകളും ഒഴിവാക്കി വീടുകളിൽ തന്നെയുണ്ട്. ചുട്ടുപൊള്ളുന്ന ചൂടിൽ ഫാനും മറ്റ് വൈദ്യുതി ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയാത്തതോടെ നഗരത്തിലെ ജനങ്ങൾ വലഞ്ഞു. ചൂടിൽ ഉറങ്ങാൻ പോലുമാകാതെ കരഞ്ഞുതളർന്ന് കൊച്ചുകുട്ടികളും ദുരിതമനുഭവിക്കേണ്ടി വന്നു.
കോടികളുടെ സബ്സ്റ്റേഷനുണ്ട്, ഉപയോഗമില്ലെന്ന് മാത്രം
വൈദ്യുതി തടസങ്ങൾ ഒഴിവാക്കാൻ കോടികൾ മുടക്കി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ് സ്റ്റേഷൻ നഗരത്തിൽ സ്ഥാപിച്ചിട്ടും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ല.
ഇന്നലെ വൈദ്യുതി വിച്ഛേദിച്ച് 11 കെ.വി ലൈനുകൾ സ്ഥാപിച്ചുവെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഒരു പകൽ മുഴുവൻ വൈദ്യുതി വിച്ഛേദിക്കാതെ അറ്റകുറ്റപണികളും പുതിയ നിർമ്മാണ പ്രവർത്തനങ്ങളും രണ്ടോ മൂന്നോ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന നാളുകളായുള്ള ആവശ്യം കെ.എസ്.ഇ.ബി ഉന്നതർ പരിഗണിക്കാറില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
നഗരസഭ, കളക്ടറേറ്റ്, താലൂക്ക് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനാൽ പ്രവൃത്തി ദിവസങ്ങളിൽ പകൽ മുഴുവൻ ജനങ്ങളെ വെല്ലുവിളിക്കുന്ന ഇടപാട് പൊതുവെ കെ.എസ്.ഇ.ബി നടത്താറില്ല. രണ്ടാം ശനി, ഞായർ തുടങ്ങിയ അവധി ദിനങ്ങളിലാണ് നഗരത്തിലെ സാധാരണക്കാരായ ജനങ്ങളെ വട്ടം കറക്കാൻ തുനിഞ്ഞിറങ്ങുന്നത്.
മൂന്ന് മണിക്കൂറിൽ കൂടുതൽ പൊള്ളിക്കണോ ?
നിലവിലെ സാഹചര്യത്തിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ജനങ്ങൾക്ക് സഹിക്കാനാവില്ല. പ്രായമായവർ, രോഗികൾ, കുട്ടികൾ തുടങ്ങിയവർക്ക് വലിയ തരത്തിലുള്ള ശാരീരിക അസ്വസ്ഥകളാണ് ചൂട് മൂലം ഉണ്ടാകുന്നത്.
ഇൻവെർട്ടർ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത ചെറിയ ആശുപത്രികൾ, ക്ലിനിക്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തനങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. മൂന്ന് മണിക്കൂറിൽ കൂടുതൽ വൈദ്യുതി തടസപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യത്തിലാണ് നഗരത്തിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ.
പകൽ മുഴുവൻ വൈദ്യുതി ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. മൂന്ന് മണിക്കൂറിൽ കൂടുതൽ ജനങ്ങളെ ദ്രോഹിക്കരുത്.
സുരേഷ് ലാൽ
കോളേജ് ജംഗ്ഷൻ നിവാസി