സ്വാഭാവിക മുങ്ങി മരണമെന്ന നിഗമനത്തിലേക്ക് പൊലീസ്
കൊല്ലം: ദേവനന്ദയുടേത് സ്വാഭാവിക മുങ്ങി മരണമെന്ന് ഉറപ്പിച്ച ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത് വന്നെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. കുട്ടി കാൽവഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജന്മാർ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോർട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ല. ദേവനന്ദയുടെ വയറ്റിലും ശ്വാസ കോശത്തിലുമുണ്ടായിരുന്ന ചേറും വെള്ളവും ഇത്തിക്കരയാറിന്റെ കൈവഴിയിലേത് തന്നെ ആയിരുന്നു. സ്വാഭാവികമായ മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിച്ചിരുന്നുവെങ്കിലും കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കാനാണ് പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജന്മാരോട് സ്ഥല പരിശോധന നടത്താൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സർജന്മാരായ ഡോ.കെ.ശശികല, ഡോ.വത്സല, ഡോ.ഷീന എന്നിവരടങ്ങിയ സംഘമാണ് വിശദ പരിശോധന നടത്തിയത്.
നെടുമൺകാവ് ഇളവൂരിലെ അമ്മ ധന്യയുടെ കുടുംബ വീട്ടിൽ നിന്ന് ഫെബ്രുവരി 27ന് രാവിലെ പത്തേകാലോടെ കാണാതായ ദേവനന്ദയെ അടുത്ത ദിവസം രാവിലെ ഏഴേകാലോടെ വീടിന് 350 മീറ്റർ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ വിശദ അന്വേഷണം വേണമെന്ന നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ് ദേവനന്ദയുടെ അടുത്ത ബന്ധുക്കളും നാട്ടുകാരും. കുട്ടി വെള്ളത്തിൽ വീണ് മരിച്ചതാണെന്ന കാര്യത്തിൽ അവർ തർക്കമുന്നയിക്കുന്നില്ലെങ്കിലും ആറിന്റെ കടവ് വരെ കുട്ടി എങ്ങനെ എത്തിയെന്ന കാര്യം കണ്ടെത്തണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ്.
ആരെങ്കിലും ആറ്റിലേക്ക് എടുത്തെറിയുക, ഭയപ്പെടുത്തി വെള്ളത്തിൽ വീഴ്ത്തുക തുടങ്ങിയ സാദ്ധ്യതകളും അവർ പങ്കുവയ്ക്കുന്നു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ സ്വാഭാവിക മുങ്ങി മരണമെന്ന് ഉറപ്പിക്കുന്നതിനാൽ അന്വേഷണ സംഘത്തിന്റെ നിലപാടും മറിച്ചൊന്നല്ല. പക്ഷേ കുടുംബത്തിന്റെ ആകുലതകൾ കൂടി പരിഗണിക്കുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കും കാത്തിരിപ്പിനും തയ്യാറാവുകയാണ് പൊലീസ് സംഘം. ചാത്തന്നൂർ എ.സി.പി ജോർജ് കോശിയുടെ നേതൃത്വത്തിലാണ് 13 പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുന്നത്.