slug

കൊല്ലം: കൊല്ലം തോടിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് എത്തിച്ച സിമന്റ് തൂണുകൾ ഇറക്കുന്നതിന് രണ്ട് ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തിൽ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട പത്ത് ചുമട്ട് തൊഴിലാളികൾക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.

'സിമന്റ് തൂൺ ക്രെയിനിറക്കും; വേണം രണ്ടുലക്ഷം നോക്കുകൂലി! ' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെയും ഇന്നലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനെയും തുടർന്നാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും കർശന നടപടിയെടുക്കണമെന്നുമായിരുന്നു നിർദ്ദേശം. കളക്ടർ സംഭവം അന്വേഷിച്ച് കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണറോട് നിർദ്ദേശിച്ചു.

കൊല്ലം തോട് നവീകരണത്തിന്റെ നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പിലെ അസി. എക്സി. എൻജിനിയർ ജോയി ജനാർദ്ദനന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിച്ചുപറി, നിയമവിരുദ്ധമായി നോക്കുകൂലി ആവശ്യപ്പെടൽ, സർക്കാർ പദ്ധതി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടോടെ കൊല്ലം തോടിന്റെ കച്ചിക്കടവിലായിരുന്നു സംഭവം. ലോറിയിൽ കൊണ്ടു വന്ന തൂണുകൾ ക്രെയിൻ ഉപയോഗിച്ച് ഇറക്കാനുള്ള ശ്രമം തടഞ്ഞ് നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു.

ക്രെയിൻ ഉപയോഗിച്ച് ഇറക്കുമ്പോൾ തങ്ങൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടത്തിനുള്ള പരിഹാരമായാണ് ഓരോ ലക്ഷം രൂപ വീതം ഇരു യൂണിയനുകളും ആവശ്യപ്പെട്ടത്. സ്ഥലത്തെത്തിയ ഇൻലാൻഡ് നാവിഗേഷൻ അസി. എക്സി. എൻജിനിയർ തൂണുകൾ ചുമന്ന് ഇറക്കിയാൽ കൂലി നൽകാമെന്ന് പറഞ്ഞു. എന്നാൽ ചുമക്കാൻ വിസമ്മതിച്ച തൊഴിലാളികൾ നോക്കുകൂലി മതിയെന്ന നിലപാടിലായിരുന്നു. ഒത്തുതീർപ്പിന് വഴങ്ങാതിരുന്നതോടെ പതിനൊന്നരയോടെ തൂണുകളുമായി ലോറി മടങ്ങി.