തഴവ: പാവുമ്പയിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു. ജില്ലയിൽ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് പാവുമ്പ. എന്നാൽ പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പൈപ്പുലൈനുകൾ പൊട്ടി പാഴാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് അഞ്ച് വർഷം മുമ്പ് നാല് പുതിയ കുഴൽ കിണറുകൾ സ്ഥാപിച്ചെങ്കിലും പഴക്കം ചെന്ന പൈപ്പുലൈനുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. ഏകദേശം നാൽപ്പത് വർഷത്തിലധികം പഴക്കമുള്ള മൺ പൈപ്പുകളാണ് ഇവിടെ ജല വിതരണത്തിനായി ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമായിരിക്കുകയാണ്.
അറ്റകുറ്റപ്പണി
മൺ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാധനങ്ങൾ നിലവിൽ വിപണിയിൽ ലഭിക്കാത്തതാണ് യഥാസമയം കേടുപാടുകൾ തീർക്കുന്നതിന് തടസമാകുന്നത്. പഴക്കം ചെന്ന പൈപ്പുകൾ മാറ്റി കുടിവെള്ള വിതരണം സുഗമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.