roa
കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിന്നാരംഭിക്കുന്ന ഉറുകുന്ന്-ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന നിലയിൽ

കാൽനടയാത്ര പോലും ദുരിത പൂർണം

പുനലൂർ: ഉറുകുന്ന് - ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ വഴി കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഒറ്റക്കൽ പള്ളിമുക്കിലെത്തുന്ന റോഡ് തകർന്നത് പ്രദേശവാസികളെ വലയ്ക്കുന്നു. മലയോര കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന ഈ റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുഷ്കരമാണ്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള റോഡിന്റെ 6 കിലോമീറ്ററിൽ 4.5 കിലോമീറ്ററോളം ഭാഗമാണ് തകർന്ന് തരിപ്പണമായത്. ഒന്നര കിലോമീറ്ററോളം ഭാഗത്തെ പാത ഒന്നര വർഷം മുമ്പ് റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കി മാറ്റിയിരുന്നു. ശേഷിക്കുന്ന 4.5 കിലോമീറ്ററോളം ദൈർഘ്യമുളള റോഡാണ് പൂർണമായും തകർന്നത്. ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ് സമാന്തര റോഡിന്റെ നവീകരണം വൈകുന്നതെന്ന ആക്ഷേപം ശക്തമാണ്. ഏഴ് വർഷമായി തകർന്ന് കിടക്കുന്ന മലയോര പാത പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കയറിയിറങ്ങാത്ത ഓഫീസുകളില്ല.

നടുവൊടിക്കുന്ന യാത്ര

കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ഉറുകുന്ന് ജംഗ്ഷനിൽ നിന്നാരംഭിച്ച് ഒറ്റക്കൽ, കാര്യറ ജംഗ്ഷൻ, പുളിമുക്ക് വഴി പളളിമുക്ക് ജംഗ്ഷനിലൂടെ ദേശീയ പാതയിലെത്തുന്ന സമാന്തര പാതയാണ് തകർന്ന് കിടക്കുന്നത്. ഇതിൽ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ, വായനശാല, കാര്യറ മുക്ക്, മാഞ്ചിയം കുന്ന്, പുളിമുക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് റോഡ് കൂടുതൽ തകർന്ന് കിടക്കുന്നത്.

ബസ് സർവീസ് നിറുത്തലാക്കി

ഇതുവഴി സർവീസ് നടത്തിയിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ ഒരെണ്ണം റോഡിന്റെ തകർച്ചയെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് നിറുത്തലാക്കി. ഇത് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള തെന്മല പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് തുടങ്ങിയ വാർഡുകളിലൂടെ കടന്നു പോകുന്ന പാതയാണ് മെറ്റൽ ഇളകി തീരെ ഗതാഗതയോഗ്യമല്ലാതായത്. റോഡിന്റെ ദയനീയസ്ഥിതി കാരണം ആട്ടോ റിക്ഷകൾ പോലും ഓട്ടം വിളിച്ചാൽ വരാൻ മടിക്കുകയാണ്.

നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

തക‌ർന്ന റോഡ് നവീകരിച്ചില്ലെങ്കിൽ അടുത്ത ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ. ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ വികസന മുരടിപ്പാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. തെന്മല പഞ്ചായത്തിലെ ഏറ്റവും വലിയ കാർഷിക മേഖലയായ ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തോട് അധികൃതർ വലിയ അവഗണനയാണ് കാട്ടുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾ ഉറുകുന്നിലെ പ്രധാന പാതയോരത്ത് എത്തിക്കാൻ കഴിയാതെ വലയുകയാണ് കർഷകർ.