al
മൈലംകുളം ഒരേക്കർ കോളനിയിൽ കുടിവെള്ള പദ്ധതിക്കായി ആരംഭിച്ച വാട്ടർ ടാങ്ക്

പുത്തൂർ : മൈലംകുളം ഒരേക്കർ കോളനിയിൽ ആരംഭിച്ച കുടിവെള്ള വിതരണ പദ്ധതി നിലച്ചിട്ട് വർഷങ്ങളായി. ഇവിടെ ജലക്ഷാമം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്ന് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കുളക്കട പഞ്ചായത്ത് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് ഉപയോഗശൂന്യമായത്. കുടിവെള്ള പദ്ധതിയുടെ ഉപഭോക്തൃ സമിതി രൂപവത്കരണവും ഉദ്ഘാടനവും ആഘോഷമായി നടന്നെങ്കിലും തുടർ നടപടികളും അറ്റകുറ്റപ്പണികളും വേണ്ട സമയത്ത് ചെയ്യാത്തതിനാലാണ് കുടിവെള്ള പദ്ധതി അവതാളത്തിലായതെന്ന് പ്രദേശവാസികൾ പറയുന്നു. ജലം ശേഖരിക്കുന്ന കിണറിന്റെ ആഴം കുറവായതു മൂലം വേനൽക്കാലത്ത് ജലലഭ്യതയും കുറവായിരുന്നു. ഇതും ജല വിതരണത്തെ പ്രതികൂലമായി ബാധിച്ചു.

കോൺക്രീറ്റ് തൂണുകളും ജല സംഭരണിയും

മൈലംകുളം ഒരേക്കർ കോളനിയിലെ കുടിവെള്ള വിതരണ പദ്ധതിക്കായി നിർമ്മിച്ച കോൺക്രീറ്റ് തൂണുകളും അതിന്റെ മുകളിൽ സ്ഥാപിച്ച ജല സംഭരണിയും ഇന്നും അതുപോലെ തന്നെ അവശേഷിക്കുന്നു. പമ്പ് സെറ്റുകളെല്ലാം ഇതിനകം നശിച്ചു പോയി. ഇതോടൊപ്പം ജലവിതരണക്കുഴലുകൾക്കും നാശം സംഭവിച്ചു. കറണ്ട്ചാർജ് അടയ്ക്കുന്നതിൽ മുടക്കം വന്നതിനാൽ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു.

3 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ച് കുളക്കട പഞ്ചായത്ത് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് ഉപയോഗശൂന്യമായത്