v
നാടിന്റെ കാവൽ വിളക്കുകൾ: 'അപ്പോത്തിക്കരി'മാരെ ആയിരം നമസ്‌തേ!

കൊല്ലം: എത്ര നമസ്‌തേ പറയണമെന്നറിയില്ല, അത്രത്തോളം ഈശ്വര തുല്യരാണ് നിങ്ങൾ. എത്ര നമസ്‌കരിച്ചാലും അധികമാവില്ല, അപ്പോത്തിക്കരിമാരെ ഇതാ ആയിരം കൂപ്പുകൈകൾ. എല്ലാവരും ഓടിയൊളിക്കുമ്പോൾ നിങ്ങൾക്കതിനാവില്ല, എത്രത്തോളം ജീവിതങ്ങളാണ് നിങ്ങളിൽ ആശ്രിതമായിരിക്കുന്നത്.

മരണഭയമില്ലാതെ മഹാമാരിയെ ആട്ടിയകറ്റാൻ നിങ്ങളല്ലോ നെയ്ത്തിരികളാവുന്നത്. പുതുതലമുറയ്ക്ക് അപ്പോത്തിക്കരിമാരെ അറിയില്ലായിരിക്കാം. പഴമക്കാർക്ക് നന്നായറിയാം. പണ്ട് സായിപ്പമാരുടെ കൂടെ വന്ന അപ്പോത്തിക്കരിമാരെ. കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച് കൈയിലൊരു മരുന്നരയ്ക്കുന്ന കല്ലും പെട്ടിനിറയെ മരുന്നും സൂചികളുമെല്ലാം കാണും. ഇവരെ നാട്ടുകാർ ദൈവത്തെപ്പോലെ സ്വീകരിച്ചിരുന്നു. എന്തെന്നോ.. ഡോക്ടറും കമ്പോണ്ടറും നഴ്‌സും മരുന്ന് ഉണ്ടാക്കുന്നതും രോഗിക്ക് നൽകുന്നതുമെല്ലാം ഇവരായിരുന്നു. ലത്തീൻഭാഷയിൽ പറഞ്ഞാൽ അപ്പോത്തിക്കരിമാർ രോഗദുരിതമകറ്റുന്നവർ തന്നെ. അത് ലോകത്തേയ്ക്ക് പടർന്നുപോയപ്പോഴും പേര് മാറിയില്ല. പക്ഷേ ഇപ്പോൾ അപ്പോത്തിക്കരിമാർ രണ്ടുമുന്നുപേരായി സ്വയം അവതാരമെടുത്തു. ഡോക്ടറായും നഴ്‌സായും ഫാർമസിസ്റ്റായും. പലമുഖമെങ്കിലും അവരിപ്പോഴും അപ്പോത്തിക്കരിമാർ തന്നെ.
പണ്ട് വസൂരി വന്നാൽ പായിൽകെട്ടി പുറത്തെ ചായിപ്പിലോ, തൊഴുത്തിന്റെ മൂലയിലോ തള്ളും. ആരെങ്കിലും ഭക്ഷണം കൊടുത്താലായി. വൈകാതെ മരിക്കും. അപ്പോത്തിക്കരിമാർക്കും അന്ന് വസൂരിക്കാരെ രക്ഷിക്കാൻ പറ്റാതിരുന്നിട്ടുണ്ട്. ലോകം പിന്നെ എബോളയും നിപ്പയുമൊക്കെ കണ്ടു. ഇപ്പോഴിതാ മഹാമാരിയായി കൊറോണ. ജീവനെടുക്കുന്ന വൈറസിനെ ആര് പിടിച്ചുകെട്ടും. പണവും പ്രതാപവും സ്ഥാനമാനവും ഉള്ളതിനാൽ എന്നെ വച്ചിട്ട് ആരുമില്ലെന്ന് കരുതുന്ന കുറെപ്പേരെങ്കിലും കൊറോണയെ ഭയന്നു. കണ്ട് കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ഭവാൻ... ചുരുങ്ങിയ ദിവസം കൊണ്ട് അതായത് വെള്ളിയാഴ്ച വരെ ലോകത്ത് കൊറോണ കൊന്നുതള്ളിയത് അയ്യായിരത്തിലേറെപേരെയാണെന്നത് അത്ഭുതപ്പെടാനില്ല.
ഒന്ന് നോക്കിയേ എല്ലാരും ഓടിയൊളിക്കുന്നു. സ്‌കൂളുകൾ പൂട്ടുന്നു. ആഘോഷങ്ങൾ മാറ്റുന്നു. ഉത്സവങ്ങളിൽ ആളില്ലാതാവുന്നു. മരണഭയത്തിൽ വീട്ടിനുള്ളിൽ പോലും മാസ്‌ക് ധരിച്ച് നടക്കുന്നവർ, ചന്തയിൽ പോകാത്തവർ, അയൽക്കാരോട് മിണ്ടാത്തവർ, മിണ്ടിയാലും അകലം പാലിക്കുന്നവർ കാണാനിഷ്ടമില്ലാത്ത എത്രയെത്ര കാഴ്ചകൾ.
നമ്മളെല്ലാം ഓടിയൊളിക്കുമ്പോൾ ഒരുനിമിഷം കൊല്ലംകാരൻ നിങ്ങളെ കൊറോണ വാർഡുകളിലേയ്ക്ക് കൊണ്ടുപോകാം. മഹാമാരിയെ തളയ്ക്കാൻ നമ്മുടെ അപ്പോത്തിക്കരിമാർ രാപകലില്ലാതെ പണിയെടുക്കുന്നു. അവർക്കും കുടുംബങ്ങളുണ്ട്. കുഞ്ഞുങ്ങളുണ്ട്. ഉള്ളിന്റെയുള്ളിൽ ആശങ്കയുണ്ട്. കട്ടിലിൽ കിടക്കുന്നവരും ഇവരും തമ്മിൽ മറ്റൊരു വ്യത്യാസവുമില്ല. കൊറോണയുള്ളവരുടെ അടുത്ത് അൽപം നേരം നിന്നാൽ മതി. വൈറസ് പകരാം. പക്ഷേ അവർക്ക് മാറിനിൽക്കാനാവില്ലല്ലോ. വെന്തുരുകുന്ന മീനച്ചൂടിൽ കോട്ടുകളും സുരക്ഷാ കവചങ്ങളും ധരിക്കണം. കൊറോണ വാർഡിലെത്തി ഒരോ രോഗിയെയും പരിചരിക്കുമ്പോൾ ഇവർ ഈശ്വരനോളം വലുതാവുന്നു. ജനത്തെ രക്ഷിക്കാൻ സർക്കാർ കൈമെയ് മറന്നു ചെയ്യുന്നതെല്ലാം ജനം കാണുന്നുണ്ട്. അതിന്റെയെല്ലാം ഭാഗഭാക്കുകളാണ് ഈ ഡോക്ടർമാരും നഴ്‌സുമാരും. സുരക്ഷാ കവചങ്ങൾ ഭേദിച്ച് വൈറസ് കയറില്ലെന്ന് ആർക്കെങ്കിലും പറയാനാകുമോ. എട്ടും പത്തുമൊന്നുമല്ല മണിക്കൂറുകളോളം ഇവർ ഒരോ ജീവനെയും വൈറസിൽ നിന്നകറ്റാൻ നോവേറി പണിയെടുക്കുന്നു. പലപ്പോഴും സമയത്ത് ഭക്ഷണം കഴിക്കാനോ ദാഹമകറ്റാനോ കഴിയാറില്ല. വീട്ടിൽ പത്താംതരത്തിലും പ്ലസ്ടുവിനുമൊക്കെ പഠിക്കുന്ന മക്കളുണ്ട്. അവർക്കൊപ്പം പരീക്ഷാ തയ്യാറെടുപ്പിന് കൂട്ടിരിക്കാനുമാവുന്നില്ല. അച്ഛനെയോ അമ്മയെയോ ഭാര്യയെയോ ഭർത്താവിനെയോ നോക്കാനാവുന്നില്ല. ദെെവനിയോഗികളായ ഇവർക്ക് ഇതൊന്നുമല്ല പ്രശ്നം. ഈ നാടിനെ കാക്കണം. മഹാമാരിയെ ഇല്ലായ്മ ചെയ്യണം. അറിയാതെ അകടപ്പെട്ടുപോയവരുടെ ഭീതി മാറ്റണം. കൊറോണാ വാർഡുകളിൽ സർവം തളർന്നിരിക്കുന്നവർക്ക് ജീവിതാശകൾ നൽകണം. ഒന്നുമേ വരില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിക്കണം. പുറത്തുവരുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കണം. പിന്നെ സ്വന്തം വീട്ടുകാരോടും പറയണം ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമല്ലെ എല്ലാം അറിഞ്ഞൂടെ. അപ്പോഴും അറിയാതെ എരിയുന്നുണ്ടാവും ഒരു നൊമ്പരപ്പോട്.

ഇതൊക്കെ തിരിച്ചറിയുമ്പോഴുണ്ടാകുന്ന പാഠങ്ങൾ നാം നെഞ്ചേറ്റേണ്ടതുണ്ട്. ഒാരോ തൊഴിലും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തോട് സഹവർത്തിത്വം പുലർത്താം. ഡോക്ടർമാരുടെ തൊഴിൽ എത്തരമുള്ള ആഴത്തിലേയ്ക്കാണ് സമൂഹ സുരക്ഷ ഒരുക്കുന്നതെന്നോർത്താൽ ആ കർമ്മത്തിന്റെ മഹനീയ വെളിച്ചം മനസ് തെളിക്കും. പ്രളയമോ സുനാമിയോ ഒാഖിയോ എന്നുവേണ്ട

ഈ പ്രപഞ്ച ജീവിതമൊന്നാകെ തുടച്ചുമാറ്റാൻ, ചെറിയൊരു വെെറസ് മതിയാകുമെന്ന് കാലം തെളിയിച്ചു. മതവും ജാതിയും ഭാഷയും വേഷവും കൊടിയും നിറവും അടയാളവും നോക്കി നമ്മളൊക്കെ ആടിയും തിമിർത്തും തകർത്തും ഒാടുമ്പോൾ ഒരു ചിന്ത ബാക്കി വേണ്ടതുണ്ട്. മനുഷ്യത്വവും മനുഷ്യ ജീവിതവും നല്ല മൂല്യങ്ങളും മനസിന്റെ ഒരു കോണിൽ കരുതേണ്ടതുണ്ട്. അപ്പോത്തിക്കരിമാർക്ക് ആയിരം നമസ്തെ പറയുന്നതിനൊപ്പം നമുക്കും നമ്മെക്കൊണ്ടാവും പോലെ മഹാമാരികളെ തടഞ്ഞുനിറുത്താം. നാടിന്റെ കാവലാളാകാം.