c
കോവിഡ്

 ചടങ്ങുകളിൽ ഇരുപതിൽ താഴെ ആളുകൾ മതി

കൊല്ലം: അയൽ ജില്ലയായ തിരുവനന്തപുരത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചതോടെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഉത്സവങ്ങൾ സംഘടിപ്പിക്കുന്ന ആരാധനാലയ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി.അബാദുൽ നാസറിന്റെ മുന്നറിയിപ്പ്.

കോവിഡ് 19ന്റെ ഗൗരവം ഉൾക്കൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളോട് സഹകരിക്കുമെന്നാണ് ആരാധനാലയ കമ്മിറ്റി ഭാരവാഹികൾ ആദ്യ ഘട്ടത്തിൽ അറിയിച്ചത്. എന്നാൽ ഇത് ലംഘിച്ച് മുൻ നിശ്ചയിച്ച തരത്തിൽ വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന തരത്തിൽ ആഘോഷങ്ങൾ നടത്താൻ ചിലയിടങ്ങളിൽ തീരുമാനിച്ചതായാണ് വിവരം. ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തി ആകർഷിക്കാനും ശ്രമം നടക്കുന്നുണ്ട്. സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്ത ഇത്തരക്കാർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരമാകും നടപടി സ്വീകരിക്കുക.

20ൽ താഴെ ആളുകൾ മാത്രം പങ്കെടുക്കുന്ന തരത്തിലാണ് ചടങ്ങുകളും ആഘോഷങ്ങളും ക്രമീകരിക്കേണ്ടത്. വിവാഹം, പിറന്നാൾ, വിവാഹ നിശ്ചയം തുടങ്ങിയ ചടങ്ങുകളും ലഘൂകരിക്കണമെന്ന സർക്കാർ നിർദ്ദേശം പലരും പാടേ അവഗണിക്കുകയാണ്. ആയിരങ്ങളെ പങ്കെടുപ്പിക്കുന്ന വിവാഹ ആഘോഷങ്ങൾക്ക് ജില്ലയിൽ പലയിടങ്ങളും മുന്നൊരുക്കങ്ങൾ നടക്കുന്നതായാണ് ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ലഭിച്ച വിവരം. ഇത്തരക്കാരെ ബോധവത്കരിച്ച് ചടങ്ങുകൾ ലളിതമാക്കാനും വിരുന്ന് സത്കാരം മറ്റൊരവസരത്തിലേക്ക് മാറ്റാനും ശ്രമങ്ങൾ നടത്തുകയാണ്. വൻതോതിൽ ജനങ്ങൾ ഒത്തുചേരുന്ന എല്ലാ തരത്തിലുമുള്ള ചടങ്ങുകളും ഉപേക്ഷിച്ചേ മതിയാകൂ എന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന കർശന മുന്നറിയിപ്പ്.