അഞ്ചൽ: അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽപ്പെട്ട പനച്ചവിളയിലും സമീപ പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ജനജീവിതം ദുസഹമാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പകൽ സമയം മണിക്കൂറുകളോളം ഇവിടെ കറണ്ടില്ലാത്ത അവസ്ഥയാണ്. കടുത്തചൂടിൽ രോഗികളും പ്രായാധിക്യമുള്ളവരുമാണ് വൈദ്യുതി തടസം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വൈദ്യുതി മുടങ്ങുമ്പോൾ കാരണം തിരക്കി ഓഫീസിലോ സെക്ഷന്റെ ചുമതലയുള്ള അസി. എൻജിനിയറെയോ വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. പനച്ചവിള പ്രദേശത്തെ വൃക്ഷങ്ങളുടെ ശിഖരം വെട്ടുന്നതിന്റെയും പോസ്റ്റുകൾ മാറിയിടുന്നതിന്റെയും പേരിൽ ഏതാനും മാസങ്ങളായി മിക്കപ്പോഴും വൈദ്യുതി മുടങ്ങാറുണ്ട്. അഞ്ചൽ വെസ്റ്റ് സെക്ഷൻ പരിധിയിൽ നിരന്തരമായുള്ള വൈദ്യുതി മുടക്കത്തിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.