c
പണി പൂർത്തിയാക്കാത്ത കൊട്ടാരക്കര ടൗണിലെ ഓടയും സ്ലാബുകളും

കൊട്ടാരക്കര: കൊല്ലം തിരുമംഗലം ദേശീയ പാതയിൽ തിരക്കേറിയ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ ഓടകളുടെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് വാഹന - കാൽനട യാത്രക്കാരെ വലയ്ക്കുന്നു. ദേശീയ പാതാ വിഭാഗത്തിനാണ് ഇവിടത്തെ റോഡ് നവീകരണത്തിന്റെചുമതല. ഈ റോഡിൽ പുലമൺ കോളേജ് ജംഗ്ഷൻ മുതൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഫുട് പാത്തിൽ ടൈൽസ് പാകുന്നതിനും ബാരിക്കേഡ് നിർമ്മിക്കുന്നതിനുമായി രണ്ടു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന്റെ പണികൾ ആരംഭിച്ചിട്ട് നാളുകളേറെയായി. സദാ തിരക്കേറിയ റോഡിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുലശേഖരനല്ലൂർ ക്ഷേത്രത്തിന് മുൻവശം മുതൽ ലക്ഷ്മി ബേക്കറി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ സ്ളാബുകൾ ഇളക്കിയിട്ട ശേഷം രണ്ടാഴ്ചയിലേറെ കഴിഞ്ഞാണ് പുന:സ്ഥാപിച്ചത്. സ്ളാബുകൾ സ്ഥാപിച്ച ഭാഗത്തെ തടങ്ങളും കുഴികളും മണ്ണിട്ടു മൂടാൻ ഇനിയും അധികൃതർ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ബന്ധപ്പെട്ട അധികൃതർ കാട്ടുന്ന അനാസ്ഥ മൂലം തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിക്കുകയാണ്.

ഓടകൾ സ്ളാബിട്ടു മൂടുന്നതിൽ കാലതാമസം

മാർക്കറ്റ് ജംഗ്ഷനിൽ പുലമണിലേക്കു പോകുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തോടു ചേർന്നുള്ള റോഡിലെ ഓട തെളിക്കുന്നതിനായി ഇളക്കിയിട്ട സ്ളാബുകൾ ആഴ്ച്ചകളോളം അതേപടി കിടന്നു. വ്യാപാരികളും നാട്ടുകാരും കാൽ നടയാത്രക്കാരും നിരന്തരം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഒടുവിൽ മുസ്ളിം സ്ട്രീറ്റ് റയ്‌ഹാന മൻസിലിൽ ബീവിജാൻ എന്ന അറുപത്തിരണ്ടുകാരി ഓടയിൽ വീഴുകയും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്നാണ് ഓടകൾ സ്ളാബിട്ടു മൂടിയത്.

കാൽനടയാത്രക്കാർ വലയുന്നു

ടൗണിൽ വാഹനങ്ങൾ പാ‌ർക്കു ചെയ്യാനുള്ള സൗകര്യം തീരെ കുറവാണ്. അതുകൊണ്ടുതന്നെ ടൗണിലെത്തുന്നവർ വളരെ ദൂരെ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷമാണ് കാൽനടയായി മാർക്കറ്റിലെത്തുന്നത്. കാൽനടയാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ റോഡിൽ സ്ളാബുകൾ പാകിയിരിക്കുന്നത്. പണി തീരുന്ന മുറയ്ക്ക് റോഡ് വൃത്തിയാക്കിയിരുന്നെങ്കിൽ വ്യാപാരികൾക്കും യാത്രക്കാർക്കും ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു.

2 കോടി

പുലമൺ കോളേജ് ജംഗ്ഷൻ മുതൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഫുട് പാത്തിൽ ടൈൽസ് പാകുന്നതിനും ബാരിക്കേഡ് നിർമ്മിക്കുന്നതിനുമായി രണ്ടു കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന്റെ പണികൾ ആരംഭിച്ചിട്ട് നാളുകളേറെയായി.