ചവറ: ചവറ മേജർ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവത്തിന് തുടക്കമായി. കോവിഡ് 19 പകരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ചമയവിളക്ക് മഹോത്സവം ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായാണ് നടത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ച് ദേവീവിഗ്രഹത്തിൽ ചാർത്തി. ഉത്സവകാലത്തെ പ്രധാന വഴിപാടായ അൻപൊലി പറ ഇന്നലെ ആരംഭിച്ചു. 21 വരെ ഇത് തുടരും. ഇന്ന് ചവറ കരയിലും 16 ,17 തീയതികളിൽ പുതുക്കാട് കരയിലും 18,19 തീയതികളിൽ കുളങ്ങര ഭാഗം കരയിലും 20, 21 തീയതികളിൽ കോട്ടയ്ക്കകം കരയിലും പറയ്ക്കെഴുന്നള്ളത്ത് നടക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഗവൺമെന്റിന്റെ പ്രത്യേക നിർദേശപ്രകാരം കളക്ടറുമായി നടത്തിയ ചർച്ചയിൽ റദ്ദാക്കി. 23,24 തീയതികളിൽ നടക്കുന്ന ചമയവിളക്ക് മഹോത്സവം, ആറാട്ട് എന്നിവയോട് കൂടി ഉത്സവം സമാപിക്കും.