കൊല്ലം: കൊറോണയുടെ ജാഗ്രതാ നിർദേശങ്ങൾക്കിടെ കൊല്ലം നഗരത്തിൽ ജനത്തിരക്കൊഴിഞ്ഞു. ആശ്രാമത്തെ അഡ്വഞ്ചർ പാർക്ക് ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ അടച്ചിടാൻ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനൊപ്പം അവധി ദിനം കൂടി ആയതോടെ മിക്കവരും വീടിന് പുറത്തിറങ്ങിയില്ല.
എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന കൊല്ലം ബീച്ചിൽ വൈകിട്ടും പതിവ് ജനത്തിരക്ക് ഉണ്ടായില്ല. ചില നേരങ്ങളിൽ മരുഭൂമി പോലെ വിജനമായിരുന്നു ബീച്ച്. ആരാധനാലയങ്ങളിലും ഇന്നലെ തിരക്ക് ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രകടമായി.
പൊതുവെയുണ്ടാകുന്ന മാന്ദ്യം വ്യാപാര മേഖലയെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം പലരും തത്കാലത്തേക്ക് നിറുത്തിയെന്നാണ് കച്ചവടക്കാർ പറയുന്നത്. കൈയിൽ സാനിറ്റൈസർ കരുതി, മുഖത്ത് മാസ്കും ധരിച്ചാണ് മിക്കവരും വീടിന് പുറത്തിറങ്ങുന്നത്. ബസിലും ട്രെയിനിലും വന്നിറങ്ങുന്നവർ കൈയിൽ സാനിറ്റൈസർ പുരട്ടി അണുവിമുക്തമാക്കുകയാണ്. കൊറോണ ബാധിതനായ ഇറ്റാലിയൻ സ്വദേശി കൊല്ലവും സന്ദർശിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നതോടെ വൈകുന്നേരം കൂടുതൽ ആളുകൾ നിരത്തിൽ നിന്ന് വീടുകളിലേക്ക് മടങ്ങി. പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ ജനങ്ങൾ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ആഘോഷ കേന്ദ്രങ്ങളിലെ വിജനത.