കൊല്ലം: രണ സ്മരണകളെ അടിസ്ഥാനവർഗത്തിന്റെ നൊമ്പരമാക്കി ചരിത്ര കാവ്യമൊരുക്കിയ മഹാകവി പുതുശേരി യാത്രയായപ്പോൾ നൊമ്പരപ്പെടാത്ത കേരളീയർ അപൂർവം. തിരുനെല്ലൂരും ഒ.എൻ.വിയും പുതുശേരിയുമടങ്ങുന്ന ത്രിമൂർത്തികൾ എത്രയെത്ര കാവ്യ ശകലങ്ങളുടെ ചർച്ചക്കാരായെന്ന് സാഹിത്യ ലോകത്തിനുമറിയാം.
പുതുശേരിയിലെ വിപ്ലകാരിയെ ആദ്യം വെറുത്ത ആർ.ശങ്കർ തന്നെ അദ്ദേഹത്തിന്റെ കഴിവും ആത്മാർത്ഥയും ഉൾക്കൊണ്ട് അദ്ദേഹത്തെ അദ്ധ്യാപകനാക്കിയത് കാലം അദ്ദേഹത്തിന് നൽകിയ വലിയ സമ്മാനമായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽ വിദ്യാർത്ഥിയായിരിക്കെയാണ് ഒ.മാധവന്റെ നേതൃത്വത്തിൽ ഡിറ്റെൻഷൻ സമരം കൊടുമ്പിരി കൊള്ളുന്നത്. വൻ പ്രക്ഷോഭമായി മാറിയ സംഭവം കേരളമാകെ ചർച്ചയായി.
സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു പുതുശേരി രാമചന്ദ്രൻ. സമരക്കാർക്കൊപ്പം പൊലീസ് കൊണ്ടുപോയ മാധവനും പുതുശേരിക്കും ക്രൂര മർദ്ദനമേറ്റു. ഇതോടെ വിദ്യാർത്ഥി സമൂഹം ഒന്നാകെയിളകി. എസ്.എൻ ട്രസ്റ്റിന്റെ മേധാവിയായിരുന്ന ആർ.ശങ്കറെ ഒട്ടൊന്നുമല്ല ഇത് ചൊടിപ്പിച്ചത്. സമരം പിന്നീട് ഒത്തുതീർപ്പായെങ്കിലും മറ്റൊരു കണ്ണോടെയാണ് സമരക്കാരെ കോളേജ് മാനേജ്മെന്റും കണ്ടത്. പക്ഷേ പഠനത്തിൽ മികവുകാട്ടിയ പുതുശേരിക്കൊപ്പമായിരുന്ന കൊല്ലം എസ്.എൻ കോളേജിലെ അദ്ധ്യാപക സംഘം.
ഉയർന്ന മാർക്കിൽ അദ്ദേഹം ഡിഗ്രി പാസായി. പിന്നീട് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദമെടുത്ത് വന്നപ്പോൾ ആ കഴിവ് തിരിച്ചറിഞ്ഞത് ആർ.ശങ്കറായിരുന്നു. കോളേജിന്റെ മികവിന് പുതുശേരി രാമചന്ദ്രൻ എസ്.എൻ കോളേജിൽ തന്നെ അദ്ധ്യാപകനാകട്ടേയെന്ന് തീരുമാനിച്ചത് ആർ.ശങ്കറാണ്. ശങ്കറിന്റെ ഔന്നിത്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു ആ തീരുമാനം - പലരും ചോദിച്ചു ഈ വിപ്ലകാരിയെ പണ്ട് അങ്ങേയ്ക്ക് വെറുപ്പായിരുന്നല്ലോയെന്ന്. പക്ഷേ ഒരു പുഞ്ചിരിയായിരുന്നു ആർ.ശങ്കറിന്റെ മറുപടി.
കായംകുളത്തെ വള്ളികുന്നത്ത് ജനിച്ച പുതുശേരി മനസിലെന്നും വിപ്ലവം സൂക്ഷിച്ചിരുന്നു. ആദ്യമൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം വഹിച്ച പുതുശേരി അദ്ധ്യാപകനായതിന് ശേഷമാണ് സജീവ രാഷ്ട്രീയം വിട്ടത്. എപ്പോഴും അദ്ദേഹം സി.പി.ഐയുടെ ഭാഗമായി നിന്നു.16ാം വയസിൽ പുതുശേരി എഴുതിയ കവിത ഇന്നും വായിച്ചാൽ സാമൂഹിക പ്രതിബദ്ധത വായിച്ചെടുക്കാം. മൂങ്ങയും പാണന്മാരും, പെയ്യരുതേ മഴമുകിലേ എന്നീ കവിതകളിൽ നിറഞ്ഞുതൂവുന്നത് സാധാരണക്കാരുടെ ജീവിതമാണ്. സാഹിത്യ അക്കാദമിയുടേതടക്കം നൂറുകണക്കിന് അവാർഡുകളും അംഗീകാരങ്ങളും നേടിയ വിപ്ലവകാരി കേരളത്തിൽ നിറഞ്ഞ സുഹൃത്ത് വലയത്തിന് ഉടമകൂടിയായിരുന്നു. ഒരു കവിയായും അദ്ധ്യാപകനായും പരിശോഭിക്കുമ്പോഴും വീര്യം കെടാത്തൊരു വിപ്ലവ വിളക്കായി പുതുശേരി കത്തിക്കൊണ്ടേയിരുന്നു.