ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി ക്ഷീരസഹകരണ സംഘത്തിലെ അഴിമതിക്കെതിരെ ജനകീയ പ്രതിഷേധമുയരുന്നു. വർഷങ്ങളായി സംഘത്തിൽ നടന്നുവരുന്ന അഴിമതികളെ കുറിച്ച് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര സർക്കാർ വനിതാ ക്ഷീര കർഷർക്കായി നടപ്പാക്കിയ സ്റ്റെപ്പ് പദ്ധതിയുടെ നടത്തിപ്പിനായി അനുവദിച്ച ഫണ്ട് ഭരണസമിതി അറിയാതെ സംഘം പ്രസിഡന്റായിരുന്ന വി.വേണുഗോപാലകുറുപ്പും മുൻ സെക്രട്ടറി ഇൻ ചാർജായിരുന്ന ഉദയഭാനുവും ചേർന്ന് തിരിമറി നടത്തുകയായിരുന്നു. 2012-13ൽ പദ്ധതി നടത്തിപ്പിനായി കേന്ദ്ര സർക്കാർ പതിനേഴര ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്നുവന്ന എൻ.ഡി.എ സർക്കാരിന്റെ കാലത്ത് പദ്ധതി നടത്തിപ്പിന്റെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടും ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടത്തിൽ അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച് നൽകിയ ബില്ലുകൾ, വൗച്ചറുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ തൃപ്തികരമല്ലെന്ന് കാട്ടി കേന്ദ്ര സർക്കാർ തള്ളിയിരുന്നു. പിന്നീട് നിരവധി തവണ വിശദീകരണം ചോദിച്ചിട്ടും തൃപ്തികരമായ മറുപടി നൽകാത്തതിനാൽ കേന്ദ്ര സർക്കാർ ആനയടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും തുടർ നടപടിക്കായി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യുകയുമായിരുന്നു. ക്ഷീര സംഘം പ്രസിഡന്റായ വി.വേണുഗോപാലകുറുപ്പിന്റെ രാഷ്ട്രീയ സ്വാധീനത്തിൽ നടപടികൾ മനപ്പൂർവം വൈകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ പദ്ധതി നടത്തിപ്പ് സംബന്ധിച്ചുള്ള അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നെങ്കിലും ഉന്നതരുടെ ഇടപെടീലുകൾ രാഷ്ട്രീയ പാർട്ടികളുടെ കണ്ണടപ്പിച്ചു. ക്ഷീരസംഘത്തിന് മുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നെങ്കിലും ഉന്നത ഇടപെടീലിലൂടെ അതും പ്രഹസനമായി മാറി.
"
ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകൾക്കെതിരെ നടപടിയെടുക്കണമെന്നും ഫണ്ട് തിരിച്ച് പിടിക്കണമെന്നും നിരവധി തവണ സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും നടപടികൾ വൈകിപ്പിച്ചത് ഇത്തരം അഴിമതികൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നുവെന്നുള്ളതിന്റെ തെളിവാണ്.
വി.എസ്.ജിതിൻ ദേവ്
ബി.ജെ.പി ജില്ലാ സെക്രട്ടറി
''
ഗുരുതരമായ അഴിമതിയാണ് പുറത്തു വരുന്നത്. ശക്തമായ നിയമ നടപടി സ്വീകരിക്കണം.
പി.ബി.സത്യദേവൻ
സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി
''
അഴിമതിയെ കുറിച്ച് അറിയില്ല. അതിനാൽ പ്രതികരിക്കുന്നില്ല.
ആർ.എസ്.അനിൽ
സി.പി.ഐ ജില്ലാ എക്സി. അംഗം