ആട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
അപകടശേഷം കാർ നിറുത്താതെ കടന്നു
കൊട്ടിയം: ദേശീയപാതയിൽ കൊട്ടിയം സിതാര ജംഗ്ഷനിൽ അമിതവേഗതയിലെത്തിയ കാർ ആട്ടോറിക്ഷയിൽ ഇടിച്ച് ആട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ആട്ടോറിക്ഷയെ ഇടിച്ച കാർ നിറുത്താതെ കടന്നുകളഞ്ഞു. അപടകത്തിൽ പരിക്കേറ്റ ആട്ടോ ഡ്രൈവർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ജോസഫ് ആന്റണി (48)യെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6.45ഓടെയാണ് അപകടം നടന്നത്. കൊല്ലത്ത് നിന്ന് ചാത്തന്നൂരിലെ മെഡിക്കൽ സ്റ്റോറിലേക്ക് മരുന്നുമായി പോയ ആട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. അമിതവേഗതയിൽ മുന്നിലെ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിൽ തട്ടി നിയന്ത്രണം വിട്ടാണ് കാർ ആട്ടോറിക്ഷയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന പിക്അപ് വാനിലേക്ക് ഇടിച്ചുകയറി മുന്നിൽ കുരുങ്ങി കിടന്ന ആട്ടോയിൽ നിന്ന് 20 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്.
അതേസമയം അപകടത്തിൽപ്പെട്ട ആട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് നിസാര പരിക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവിവരം അറിഞ്ഞ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും പൊലീസും സ്ഥലത്തെത്തി. കാർ മയ്യനാട് വാളത്തുംഗൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.