എഴുകോൺ: അലൂമിനിയം പാത്ര കച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തെങ്കാശി തിപ്പണംപെട്ടി പുതുക്കുളം രാമസ്വാമി കോവിൽ സ്ട്രീറ്റ് 161ൽ ടി.രാജഭാസ്കരനാണ് (56) നെടുമൺകാവ്‌ വാകനാട് കൊമ്പമുക്കിന് സമീപമുള്ള വാടകവീട്ടിൽ മരിച്ചത്. മൂന്ന് വർഷമായി ഭാസ്കരൻ ഇവിടെ താമസിച്ച് അലൂമിനിയം പാത്രങ്ങൾ ഇരുചക്ര വാഹനത്തിൽ കൊണ്ടുനടന്ന് വിറ്റ് വരികയായിരുന്നു. ശനിയാഴ്ച രാവിലെ 5ന്‌ വീട്ടുടമയുടെ ഭാര്യ പശുവിനെ കറക്കാൻ വന്നപ്പോൾ ഭാസ്കരനെ കണ്ടിരുന്നു. എന്നാൽ 9 ആയിട്ടും ഭാസ്കരൻ കച്ചവടത്തിന് പോകാത്തിനാൽ വാടക വീടിന്റെ ഉടമസ്ഥനും അയൽക്കാരനും വാതിൽ ചവിട്ടി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ നാല് ദിവസമായി ഭാസ്കരന് കടുത്ത പനിയായിരുന്നുവെന്നും നെടുമൺകാവ്‌ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയിരുന്നതായും സമീപവാസികൾ പറയുന്നു. തുടർന്ന് ആശങ്കയിലായ അയൽവാസികളും വീട്ടുടമസ്ഥനും നെടുമൺകാവ് ആശുപത്രിയിലും എഴുകോൺ പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ആശുപത്രിയിൽ നിന്ന് ആരോഗ്യ പ്രവർത്തകരെത്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. എഴുകോൺ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക്‌ കൈമാറി. ഹൃദയഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.