കൊല്ലം: സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാൻ നഗരസഭ 782 പൊതുടാപ്പുകൾ വിച്ഛേദിക്കാനൊരുങ്ങുന്നു. പൊള്ളുന്ന വേനലിൽ നഗരവാസികൾ കുടിവെള്ളമില്ലാതെ വലയുമ്പോഴാണ് പൊതുടാപ്പുകൾ അറ്റകുറ്റപ്പണി നടത്തി വിതരണം കാര്യക്ഷമാക്കേണ്ട നഗരസഭ പൂർണമായും വിച്ഛേദിക്കുന്നത്.
നിലവിൽ 17 ഡിവിഷനുകളിലെ വിച്ഛേദിക്കേണ്ട പൊതുടാപ്പുകളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഘട്ടംഘട്ടമായി മറ്റ് ഡിവിഷനുകളിലും പരിശോധന നടത്തി ഗാർഹിക കണക്ഷൻ എത്തിയ സ്ഥലങ്ങളിലെ പൊതുടാപ്പുകളിലെ ജലവിതരണം നിറുത്തലാക്കാനാണ് നഗരസഭയുടെ ആലോചന.
വെള്ളമില്ലെങ്കിലും കരമടക്കുന്നു
ആദ്യമായാണ് നഗരസഭ നഗരത്തിലെ പൊതുടാപ്പുകളുടെ വിവരം ശേഖരിക്കുന്നത്. വർഷങ്ങളായി കുടിവെള്ളം വരാത്ത ടാപ്പുകൾക്കും നഗരസഭ വാട്ടർ അതോറിറ്റിക്ക് കരമടച്ച് വരികയാണ്. തൃക്കടവൂർ സോണലിലെ പൊതുടാപ്പുകൾക്ക് പ്രതിമാസം 437.50 രൂപ, മറ്റിടങ്ങളിലേതിന് 657 രൂപ എന്നീ നിരക്കുകളിൽ പ്രതിവർഷം 2.5 കോടി രൂപയാണ് നഗരസഭ വാട്ടർ അതോറിറ്റിക്ക് അടയ്ക്കുന്നത്.
നഗരസഭയുടെ വാദം
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11,000 ഗാർഹിക കുടിവെള്ള കണക്ഷൻ നഗരസഭ നൽകിയിരുന്നു. 5000 പേർക്ക് കൂടി ഇനി നൽകുകയും ചെയ്യും. ഗാർഹിക കണക്ഷൻ എത്തപ്പെട്ട മേഖലയിലെ പൊതുടാപ്പുകളാണ് വിച്ഛേദിക്കുന്നതെന്നാണ് നഗരസഭയുടെ വാദം. എന്നാൽ ഈ മേഖലകളിൽ തന്നെ നൂറ് കണക്കിന് കുടുംബങ്ങൾ ഇപ്പോഴും പൊതുടാപ്പുകളെ ആശ്രയിക്കുന്നുണ്ട്. ഇതേ സ്ഥലങ്ങളിൽ തന്നെ നഗരസഭ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്. എന്നിട്ടും ഈ മേഖലകളിൽ പൊതുടാപ്പിന്റെ ആവശ്യമില്ലെന്ന നഗരസഭയുടെ കണ്ടെത്തലിന് പിന്നിലെ യുക്തി ആർക്കും ബോദ്ധ്യമായിട്ടില്ല.
ഡിവിഷനും വിച്ഛേദിക്കുന്ന പൊതുടാപ്പുകളുടെ എണ്ണവും
ശക്തികുളങ്ങര - 129
കാവനാട് - 28
വള്ളിക്കീഴ് - 49
കുരീപ്പുഴ - 52
ഉളിയക്കോവിൽ - 24
ഉളിയക്കോവിൽ ഈസ്റ്റ് - 46
കടപ്പാക്കട - 30
അറുന്നൂറ്റിംഗമലം - 27
കരിക്കോട് - 23
കച്ചേരി - 35
ആലാട്ട്കാവ് - 44
കന്നിമേൽ - 163
തേവള്ളി - 25
വടക്കുംഭാഗം - 35
ആശ്രാമം - 20
മുണ്ടയ്ക്കൽ -25
കോയിക്കൽ - 32
'' അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാർഹിക കണക്ഷൻ നൽകിയ ഇടങ്ങളിലെ പൊതുടാപ്പുകളാണ് വിച്ഛേദിക്കുന്നത്. കൗൺസിലർമാരുമായി അലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കു.''
എസ്. ഗീതാകുമാരി (ഡെപ്യൂട്ടി മേയർ)
അമൃത് പദ്ധതി പ്രകാരം നഗരസഭ നൽകിയ ഗാർഹിക കണക്ഷനുകൾ
ഇതുവരെ 11,000
ഇനി നൽകുക 5,000