c
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡ്

കൊല്ലം: അവധി ദിനമായതിനാൽ ഇന്നലെ നാടാകെ ഹർത്താൽ പ്രതീതിയായിരുന്നു. എന്നാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊറോണ വാർഡ് മുഴുവൻ സമയവും തിരക്കിലായിരുന്നു. 13 പേർ ഇന്നലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരുടെ ആരോഗ്യ നില പരിശോധിക്കൽ, യഥാസമയം മരുന്ന് നൽകൽ,​ ഭക്ഷണം കൃത്യസമയത്ത് എത്തിക്കൽ, നിരീക്ഷണത്തിൽ കഴിയുന്നവരെയും പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളെയും ആശ്വസിപ്പിക്കൽ,​ കൊറോണ വാർഡിലെ നഴ്സുമാർക്ക് നിന്നുതിരിയാൻ സമയമില്ലായിരുന്നു. ഐസൊലേഷൻ വാർഡിനോട് ചേർന്നാണ് സ്ക്രീനിംഗ് റൂം. ഇവിടെയാണ് കൊറോണ ബാധിതരുമായി എത്തിയവരുടെയും വിദേശത്ത് നിന്ന് എത്തിയവരുടെയും രക്തസാമ്പിളുകളും ശ്രവങ്ങളും പരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഇന്നലെ ഉച്ചവരെ മാത്രം 32 പേർ പരിശോധനയ്ക്കെത്തി.

രക്തപരിശോധനയ്ക്കായി എത്തുന്നവരെ മറ്റാരുമായി ഇടപഴകാൻ അനുവദിക്കാതെയാണ് സ്ക്രീനിംഗ് റൂമിലേക്ക് കൊണ്ടുവരുന്നത്. ആംബുലൻസിൽ രക്തപരിശോധനയ്ക്കായി ഒരാൾ എത്തുമ്പോൾ തന്നെ കൊറോണ വാർഡിലേക്കുള്ള ഇടനാഴിയിൽ നിന്ന് മറ്റുള്ളവരെ പൂർണമായും ഒഴിവാക്കും. തിരിച്ച് മടങ്ങുമ്പോഴും സമാനമായ ക്രമീകരണങ്ങളാണ്.

എല്ലാദിവസവും രാവിലെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേരും. പിന്നാലെ രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഔട്ട് ബ്രേക്ക് മോണിട്ടറിംഗ് യൂണിറ്റ് യോഗം ചേരും.

മെഡിക്കൽ ഓഫീസർമാർ: 5

ഹെഡ് നഴ്സുമാർ: 3

സ്റ്റാഫ് നഴ്സുമാർ: 9

 ഷിഫ്ട്: 3

ക്നീനിംഗ് /ഹൗസ് കീപ്പിംഗ് ജീവനക്കാർ: 6

 ഷിഫ്ട്: 2