പുനലൂർ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തമിഴ്നാട് അതർത്തിയിലെ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിശോധിച്ച് തുടങ്ങി. തമിഴ്നാട്ടിൽ നിന്ന് ട്രെയിൻ മാർഗം അതിർത്തിയിലെ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാരെ തടഞ്ഞുനിറുത്തി രോഗബാധിതരാണോയെന്ന പരിശോധനയാണ് ഇന്നലെ മുതൽ ആരംഭിച്ചത്.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. കൊറോണാ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് പുനലൂർ റെയിൽവേ പൊലീസ് എസ്.ഐ ഷിഹാബുദ്ദീൻ പറഞ്ഞു. പരിശോധനാ വിവരം കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസറെ അപ്പപ്പോൾ അറിയിക്കും.
ഇന്നലെ ഉച്ചക്ക് 12.15 ഓടെ തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്ക് വന്ന പാസഞ്ചർ ട്രെയിനിൽ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയത്. ഉദ്യോഗസ്ഥർ മാസ്ക് ധരിച്ചിരുന്നു. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച പരിശോധനയിൽ രോഗ ലക്ഷണമുള്ള ആരെയും കണ്ടെത്താനായില്ലെന്ന് എസ്.ഐ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് വരുന്ന എല്ലാ ട്രെയിൻ യാത്രക്കാരെയും ഇന്ന് മുതൽ പരിശോധനകൾക്ക് വിധേയമാക്കും. ആരോഗ്യ വകുപ്പിലെ കൂടുതൽ ജീവനക്കാർ പരിശോധനകൾക്ക് നേതൃത്വം നൽകും.
കൊല്ലം-തിരുമംഗലം ദേശീയപാത കടന്നുപോകുന്ന ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിലും പൊലീസ് ഔട്ട് പോസ്റ്റിലും പരിശോധന തുടങ്ങി. എസ്.ഐക്ക് പുറമെ എ.എസ്.ഐ ഷാജഹാൻ, സി.പി.ഒ മാരായ ദീപു, ബിനുമോൻ, ഗണേശൻ എന്നിവരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.