c
കൊറോണ ജില്ലയിൽ നിരീക്ഷണത്തിൽ 535

 പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 13 പേർ

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ 535 പേർ നിരീക്ഷണത്തിൽ. ഇതിൽ 13 പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ബാക്കി 432 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ശനിയാഴ്ച വരെ ജില്ലയിൽ 383 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 370 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 25 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

ജില്ലയിൽ ജാഗ്രത ശക്തമാക്കി

കോറോണ സ്ഥിരീകരിച്ച ഇറ്റലി സ്വദേശി ജില്ലയിലെ പാരിപ്പള്ളി അടക്കമുള്ള കൂടുതൽ സ്ഥലങ്ങളിൽ എത്തിയെന്ന സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ജാഗ്രത കൂടുതൽ ശക്തമാക്കി. ഉത്സവങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നുമുള്ള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലയിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ട്രാക്ക് ടീം, ആശമാർ എന്നിവരടങ്ങുന്ന 15 ടീമുകൾ കർശന നിരീക്ഷണം ആരംഭിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരെല്ലാം തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യമെങ്കിൽ ഗൃഹനിരീക്ഷണത്തിൽ ഉണ്ടാകണമെന്നുമാണ് നിർദ്ദേശം.
കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിൽ ഇന്ന് മുതൽ സ്വാബ് കളക്ഷൻ ആരംഭിക്കും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, സിവിൽ സ്റ്റേഷൻ, കൊല്ലം ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രി, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കൈകഴുകൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്ക സംഘടനയുമായി ചേർന്ന് സൗജന്യ ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചു.


വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ശ്രദ്ധയ്ക്ക്


 കെറോണ ബാധിത മേഖലകളിൽ നിന്ന് അതിഥികളായി ആരെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ വിവരം ജില്ലാ കെറോണ കൺട്രോൾ റൂമിൽ അറിയിക്കണം. ഇതിനായി 1056, 04712552056 എന്നീ 'ദിശ' നമ്പറുകളിലോ 8589015556, 04742797609 എന്നീ ജില്ലാ കൺട്രോൾ റൂം നമ്പറുകളിലോ ബന്ധപ്പെടണം.
 വൈറസ് ബാധിച്ച പ്രദേശങ്ങളിൽ നിന്നെത്തിയ സഞ്ചാരികളുമായി ഇടപെട്ടാൽ ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കണം.
 രോഗലക്ഷണമുള്ള സഞ്ചാരികൾ ഉപയോഗിച്ച മുറിയും മറ്റ് വസ്തുക്കളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
 ജീവനക്കാർ ശുചിയാക്കൽ നടപടികൾ ചെയുമ്പോൾ കൈയുറകളും മാസ്‌കും ധരിക്കണം.
 കെറോണ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസം എന്നിവയുള്ള യാത്രക്കാർ ഉണ്ടെങ്കിൽ യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉൾവശം അണുവിമുക്തമാക്കണം.
 യാത്രവേളയിൽ എ.സി ഒഴിവാക്കി ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം.
 ഹസ്തദാനം ഒഴിവാക്കുക. സമ്പർക്കം പുലർത്തുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക.
 സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം.
 യാത്രയ്ക്ക് ശേഷം വാഹനങ്ങൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

സംശയങ്ങൾക്കും വിവരങ്ങൾക്കും


8589015556, 04742797609, 1077, 7306750040 (വാട്‌സ് ആപ് മാത്രം), 1056 (ദിശ)

സമ്പർക്കം പുലർത്തിയവരും ആശുപത്രിയിൽ

കോറോണ സ്ഥിരീകരിച്ച ഇറ്റലിക്കാരനായ സഞ്ചാരിയുടെ കാശ്മീർ സ്വദേശിയായ ഗൈഡും ഇവർ രക്തപരിശോധനയ്ക്ക് എത്തിയതും മടങ്ങിയതുമായ ആട്ടോ ഡ്രൈവർമാരടക്കം 4 പേർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു. ആട്ടോ ഡ്രൈവർമാരും സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങളടക്കം 23 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ബുദ്ധിമാനായ ഗൈഡ്

ഇറ്റലിക്കാരന് കോറോണ ഉണ്ടെന്ന് സംശയം ഉയർന്നതോടെ ഗൈഡ് ആട്ടോറിക്ഷയുടെ മുൻസീറ്റിലിരുന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയത്. തിരിച്ച് പ്രത്യേകം ആട്ടോയിലാണ് വർക്കലയിലെ റിസോർട്ടിലേക്ക് മടങ്ങിയത്.