bike-racer

കൊല്ലം: നഗരത്തിലെ നിരത്തുകളിൽ റേസിംഗ് ബൈക്കുകളുമായി അഭ്യാസം നടത്തുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ആശ്രാമം, ക്യു.എ.സി റോഡ്, കർബല - കോളേജ് ജംഗ്ഷൻ റോഡ് എന്നിവിടങ്ങളാണ് ഇവരുടെ ഇഷ്ട കേന്ദ്രങ്ങൾ. ആഡംബര ബൈക്കുകളിൽ അമിതവേഗതയിലും അപകടകരമായ തരത്തിലും സഞ്ചരിക്കുകയാണ് ഇത്തരം 'റേസിംഗ് ചാമ്പ്യന്മാരുടെ' പ്രധാന വിനോദം. കൂടാതെ മുൻ ചക്രങ്ങൾ മുകളിലേക്ക് ഉയർത്തി പിൻ ചക്രങ്ങളിൽ മാത്രം ബൈക്ക് ഓടിക്കുന്നത് ഉൾപ്പെടെയുള്ള പ്രകടനങ്ങളും ഇവർ കാഴ്ചവയ്ക്കാറുണ്ട്.

കർബല റോഡിൽ നൂറ് കണക്കിന് പെൺകുട്ടികൾ കോളേജുകളിലേക്ക് പോകുമ്പോൾ അവർക്ക് മുന്നിൽ നടത്തുന്ന ഈ ബൈക്ക് ഷോ പല തവണ അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പൊലീസെത്തുന്നതിന് തൊട്ട് മുമ്പ് തന്നെ മിന്നൽ വേഗത്തിൽ നഗരത്തിലെ ചെറിയ വഴികളിലൂടെ രക്ഷപ്പെടാനും വിദഗ്ദ്ധരാണ് ഈ ചുള്ളൻമാർ.

കഴിഞ്ഞ ആഴ്ച ട്രാഫിക് പൊലീസ് നഗരത്തിൽ നടത്തിയ ശക്തമായ നിരീക്ഷണത്തിൽ അപകടകരമായ തരത്തിൽ ആഡംബര ബൈക്കുകൾ ഓടിച്ച രണ്ട് പേരെ പിടികൂടിയിരുന്നു. പുതിയകാവിലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച ഭക്തർക്ക് ഇടയിലൂടെ ആയിരുന്നു ഒരാളുടെ അഭ്യാസ പ്രകടനം. റെയിൽവേ സ്റ്റേഷന് മുന്നിൽ വെച്ച് വാഹനം തടഞ്ഞ് നിറുത്തി പിഴ ഈടാക്കുകയായിരുന്നു.

 അഭ്യാസികൾ കുടുങ്ങും

ബൈക്കുകളിൽ ചെത്തിനടന്ന് അഭ്യാസ പ്രകടനം നടത്തുന്ന വിരുതന്മാരെ ഇനി നിലയ്ക്ക് നിറുത്താനാണ് പൊലീസിന്റെ തീരുമാനം. കർബല, ക്യു.എ.സി, ആശ്രാമം എന്നിവിടങ്ങളിലെ ബൈക്ക് അഭ്യാസികളെ പിടികൂടാൻ പ്രത്യേക നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ്.

 റേസിംഗ് താരങ്ങളുടെ ഇഷ്ടകേന്ദ്രങ്ങൾ

 ക്യു.എ.സി റോഡ്

 ആശ്രാമം

 കർബല - കോളേജ് ജംഗ്ഷൻ റോഡ്