kuzhuppil-eala
കുഴുപ്പിൽ ഏലായിൽ നെൽവയൽ വരമ്പുകളിൽ വേലികെട്ടി തിരിച്ചിരിക്കുന്നു

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ കുഴുപ്പിൽ ഏലായിൽ സ്വകാര്യവ്യക്തികൾ വാങ്ങിക്കൂട്ടിയ നിലങ്ങൾ നികത്തുന്നതിനായി വേലികെട്ടി തിരിക്കുന്നതായി പരാതി. കൃഷിയുടെ സംരക്ഷണത്തിനെന്ന വ്യാജേന വേലികെട്ടി തിരിച്ച് മറയാക്കി നിലം കുഴിക്കുകയാണ് ഇത്തരക്കാരുടെ രീതിയെന്നാണ് കർഷകരുടെ ആരോപണം.

ചിറക്കരയിൽ നിലം നികത്തലും നിലം കുഴിപ്പും രൂപാന്തരപ്പെടുത്തലും വ്യാപകമായതോടെ അധികൃതരുടെ കർശന ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് പുതിയ തന്ത്രങ്ങളുമായി ഭൂമാഫിയ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പണകോരി തെങ്ങിൻതൈ വച്ചുപിടിപ്പിച്ചത് റവന്യു അധികൃതർ ഇടപെട്ട് പിഴുതുമാറ്റി സ്റ്റോപ്പ് മെമ്മോ നൽകിയ നിലങ്ങളും ഇപ്പോൾ വേലികെട്ടി മറച്ച് തെങ്ങ് ഉൾപ്പെടെയുള്ള നാണ്യവിളകൾ വളർത്തുകയാണ്.

ഇരുന്നൂറ്റിയൻപത് ഏക്കറോളം വരുന്ന കുഴുപ്പിൽ ഏലായിൽ നിലം നികത്തിയത് മൂലവും പണകോരി നാണ്യവിളകൾ നട്ടതിനാലും നെൽകൃഷി പരിമിതമായി മാറിയിരിക്കുകയാണ്. രൂപാന്തരപ്പെടുത്തിയ ഏലായിലെ മുഴുവൻ നിലങ്ങളും പൂർവസ്ഥിയിലാക്കുന്നതിന് റവന്യൂ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിലങ്ങളിൽ വെച്ചുപിടിപ്പിച്ചിട്ടുള്ള അക്വേഷ്യ പോലുള്ള മുഴുവൻ മരങ്ങളും ഭൂവുടമകളുടെ ചെലവിൽ മുറിച്ച് മാറ്റുവാൻ നടപടി സ്വീകരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.

 ദുരിതത്തിലാകുന്നത് നെൽകർഷകർ

ഒരടി മാത്രം വീതിയുള്ള നെൽവയലുകളുടെ വരമ്പുകളിൽ വേലി സ്ഥാപിച്ചതിനാൽ സമീപത്തുള്ള നിലങ്ങളിലെ കർഷകർ ബുദ്ധിമുട്ടുകയാണ്. ഏലായ്ക്ക് മദ്ധ്യഭാഗത്തുകൂടി ഒഴുകിയിരുന്ന രണ്ടര മീറ്ററോളം വീതിയുണ്ടായിരുന്ന ഏലാ നടുത്തോട് കൈയേറ്റം മൂലം ഇപ്പോൾ രണ്ടര അടി വീതി പോലും ഇല്ലാത്ത അവസ്ഥയിലാണ്. ഈ നടുത്തോടിന്റെ ഇരുവശങ്ങളിലും കർഷകർക്ക് വിത്തും വളവും കൃഷി സാമഗ്രികളും കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന നടവരമ്പ് പോലും ഇന്ന് കൈയേറി വേലികെട്ടി അടച്ചിരിക്കുകയാണ്. ഇതിനാൽ കർഷകർക്ക് അവരവരുടെ നിലങ്ങളിലേക്ക് തോട്ടിൽ ഇറങ്ങി നടന്നുപോകേണ്ട സ്ഥിതിയാണ്.