കുന്നത്തൂർ: ശൂരനാട് വടക്ക് എണ്ണശേരി മലനട ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ശൂരനാട് വടക്ക് തെക്കേമുറി ചിത്രാലയത്തിൽ അജിത്ത്.എം.കുറുപ്പാണ് (27) അറസ്റ്റിലായത്. കഴിഞ്ഞ 23ന് ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്ക്കിടെ അജിത്തും സംഘവും പരിപാടി കാണാനെത്തിയ സ്ത്രീകളെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്ത കമ്മിറ്റി അംഗങ്ങളുമായി സംഘർഷമുണ്ടായി. ഇതിനിടെ പ്രശ്നം പരിഹരിക്കാനെത്തിയ അടൂർ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ നിഥിനെ മർദ്ദിച്ചു. പൊലീസ് ലാത്തിവീശി രംഗം ശാന്തമാക്കുന്നതിനിടെ പ്രതി ബൈക്കിൽ കടന്നുകളഞ്ഞു. പൊലീസുകാരന്റെ പരാതിയിൽ ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അജിത്തിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ വിദേശത്ത് കടക്കാൻ ശ്രമിക്കവേ ഇയാളുടെ സുഹൃത്ത് മുരളിയുടെ കാർത്തികപ്പള്ളിയിലുള്ള വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.