ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മെഡിക്കൽ ഓഫീസർമാർ ,പൊലീസ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കമുള്ളവരെ ചുമതലപ്പെടുത്തി. മുന്നൊരുക്കത്തിന്റെ ഭാഗമായി വിദേശത്തെ കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് വന്നിട്ടുള്ളവർ ഫോൺ വഴി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. പഞ്ചായത്തുതലത്തിലുള്ള യോഗങ്ങൾ ഇന്ന് തന്നെ ചേരും. വിവാഹം, മറ്റ് പൊതുപരിപാടികൾ തുടങ്ങിയവ ലഘൂകരിക്കാൻ വേണ്ട നടപടി സ്വീകരിക്കും. സാദ്ധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.