പത്തനാപുരം: വാട്സ് ആപ്പിലൂടെ 56 കാരിയായ വിധവയ്ക്ക് നിരന്തരമായി പ്രണയാഭ്യർത്ഥന, നാലുവർഷത്തിനിടെ അശ്ളീല ചുവയുള്ള മൂന്നൂറോളം മെസേജുകൾ. ഒടുവിൽ 26 കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സി.ഐയുടെ വക ചൂരൽ കഷായം.
കനാലിലുടെ ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാൻ 2000 രൂപ പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ യൂണിഫോം അഴിച്ചുവച്ച് കൈലിമുണ്ടുടുത്ത് കനാലിലേക്കിറങ്ങിയ പത്തനാപുരം സി.ഐ അൻവറാണ് വീണ്ടും കൈയടി നേടുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് വീട്ടമ്മ സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. മൊബൈലിൽ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സി.ഐ ഫോൺ പരിശോധിച്ചു. ഇഷ്ടമാണെന്നും കണ്ടാൽ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്ളീല സന്ദേശങ്ങൾ നിരവധി.
പരാതിക്കാരിയുടെ ഫോണിൽ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയിൽ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളിൽ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
യുവാവിനെ കണ്ട പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തൈപ്പിക്കാൻ സ്ഥിരമായി പരാതിക്കാരിയുടെ കടയിലെത്തുന്ന നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ പയ്യൻ. സി.ഐ കണ്ണുരുട്ടിയതോടെ കേസെടുക്കരുതെന്നും വിദേശത്ത് ജോലി ശരിയായെന്നും പറഞ്ഞ് യുവാവ് കരച്ചിലായി. ഇതോടെ വീട്ടമ്മയുടെയും മനസലിഞ്ഞു. 'സാറേ എനിക്ക് 30 വയസുള്ള മകനുണ്ട്. അവൻ വിദേശത്താണ്. ഒരു ജോലി കിട്ടാൻ ബുദ്ധിമുട്ടിയത് എത്രയെന്ന് എനിക്കറിയാം, കേസൊന്നും വേണ്ട'.
ഇതോടെ, പരാതിക്കാരിയെ അമ്മേ എന്നു വിളിച്ച് ഏത്തമിടാൻ സി.ഐ നിർദേശിച്ചു. കേൾക്കാത്ത താമസം യുവാവ് താണുകുമ്പിട്ട് പലവട്ടം അമ്മേ എന്നുവിളിച്ചു മാപ്പ് പറഞ്ഞു.
ഇനി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതിനൊപ്പം ചൂരലിന് നാല് പെടയും കൊടുത്തു. തുടർന്ന് രണ്ടുപേരുടെ ജാമ്യത്തിൽ വിട്ടയച്ചു.