പുത്തൂർ : കടുത്ത വേനലിൽ നാട് വെന്തുരുകുമ്പോൾ ഒരിക്കലും വറ്റാത്ത ആറ്റുവാശേരി പ്ലാങ്കുളത്ത് ചിറ ഉപയോഗ ശൂന്യമായിക്കിടക്കുന്നു. കാർഷിക ഗ്രാമമായിരുന്ന ആറ്റുവാശേരിയിൽ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ആറ്റുവാശേരി പ്ലാങ്കുളത്ത് ചിറ ഇന്ന് ജലപ്പരപ്പ് പോലും കാണാനാകാത്ത നിലയിൽ പായൽ മൂടിക്കിടക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചിറയിൽ വലിച്ചെറിയുന്നത് വ്യാപകമാവുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്ലാങ്കുളത്ത് ചിറയുടെ താഴേത്തട്ട് മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണ്. കിണറുകൾ വറ്റിവരളുമ്പോൾ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും ആറ്റുവാശേരിയിലും സമീപ ഗ്രാമങ്ങളിലുമുള്ളവർ ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. മാലിന്യവും ചെളിയും കയറി നീരുറവകൾ അടഞ്ഞതിനാൽ ഇപ്പോൾ ജലനിരപ്പും കുറഞ്ഞു. നീർത്തട സംരക്ഷണ പദ്ധതിയിലുൾപ്പെടുത്തി പ്ലാങ്കുളത്ത് ചിറയെ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.