കടയ്ക്കൽ :ചടയമംഗലം നിയോജക മണ്ഡലത്തിലെ കൊറോണ ബോധവത്കരണ യോഗം കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ യോഗം ഉദ്‌ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാർ , കടയ്ക്കൽ താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ. ഡി. രാജ്‌കപൂർ, സാമൂഹ്യ ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കൊട്ടാരക്കര തഹസിൽദാർ, വില്ലജ് ഓഫീസർമാർ, ജനമൈത്രി പൊലീസ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നാളെ വൈകിട്ട് 3ന് വാർഡ് തലങ്ങളിലും യോഗം ചേരും. കൊറോണ വൈറസ് പകരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും തീരുമാനിച്ചു. വ്യാജ പ്രചാരണം നടത്തി ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും ആൾക്കൂട്ടം ഉണ്ടാകുന്ന ആഘോഷങ്ങൾ ഒഴിവാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.