a
അപകടാവസ്ഥയിലായ കരീപ്ര മുണ്ടാമൂട് തോടിന് കുറുകയുഉള്ള പാലം

എഴുകോൺ: കരീപ്ര കടയ്ക്കോട്‌ റോഡിലെ പ്ലാക്കോട്‌ പാലം നാട്ടുകാരിൽ അപകടഭീതി ഉയർത്തുന്നു. കരീപ്ര മിനി ഇൻഡസ്ട്രീസിന് സമീപം കരീപ്ര - മുണ്ടാമൂട് തോടിന് കുറുകേയുള്ള പാലം പൊട്ടിപ്പൊളിഞ്ഞതാണ് നാട്ടുകാരിൽ ഭീതി ഉയർത്തുന്നത്. കരീപ്രയിൽ നിന്ന് കടയ്ക്കോട് പോകുന്ന പ്രധാന റോഡിലെ പാലം ഏത് നിമിഷവും പൊളിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. 40 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ ഇളകിയ നിലയിലാണ്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതും കാലപ്പഴക്കവുമാണ് പ്ലാക്കോട് പാലത്തെ അപകടാവസ്ഥയിലാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. പല തവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. പാലം പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്ലാക്കോട് പാലം അപകടകരമായ അവസ്ഥയിലാണ്. പാലത്തിന്റെ അവസ്ഥ എം.എൽ.എയുടെയും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെയും അനുബന്ധ റോഡിന്റെയും സർവേ നടത്തി ജില്ലാ പഞ്ചായത്തിൽ റിപ്പോർട്ട് സമർപ്പിച്ചു.

ജെസി ബി.പി.

കരീപ്ര വാർഡ് മെമ്പർ

കരീപ്ര പഞ്ചായത്ത്

ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക

പാലത്തിന്റെ മുകളിലെ ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ട അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം തെറ്റി മറിയുന്നത് ഇവിടത്തെ നിത്യ സംഭവമാണ്. അടിതെറ്റി വീഴുന്ന വാഹനങ്ങൾ പാലത്തിന്റെ പൊളിഞ്ഞ കൈവരികളിൽ തട്ടിയാണ് നിൽക്കുന്നത്. വാഹനങ്ങൾ കൈവരികളും പൊളിച്ച് തോട്ടിലേക്ക് മറിഞ്ഞാൽ പാലത്തിന്റെ അടിയിൽ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകളിലേക്കായിരിക്കും യാത്രക്കാർ വീഴുന്നത്.

40 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ ഇളകിയ നിലയിലാണ്.

സംരക്ഷണ ഭിത്തിയിൽ വിള്ളൽ

പാലത്തെ റോഡുമായി ബന്ധിപ്പിക്കുന്ന കൽക്കെട്ടുകളിൽ വിള്ളൽ വീണ് ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. ഒരു വശത്തെ കൽക്കെട്ടിന്റെ ഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം ഒലിച്ചിറങ്ങുകയാണ്. പല തവണ അധികൃതർ പൈപ്പ് മാറ്റിയെങ്കിലും അധികം വൈകാതെ വീണ്ടും പൈപ്പ് പൊട്ടി വെള്ളം കൽക്കെട്ടിലേക്ക്‌ ഒലിച്ചിറങ്ങുമെന്ന് സമീപവാസികൾ പറയുന്നു. തുടർച്ചയായി വെള്ളമിറങ്ങുന്നതിനാൽ കൽക്കെട്ടിലെ മണ്ണ് ഒലിച്ചു പോയി സംരക്ഷണ ഭിത്തിക്ക് വിള്ളൽ വീണിട്ടുണ്ട്. പാലത്തിന് താഴെയുള്ള തോട് സംരക്ഷണ ഭിത്തി ഇടിഞ്ഞ് പാറകൾ ഇളകിയ നിലയിലാണ്. സ്കൂൾ ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.