c
സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്:

കൊട്ടാരക്കര: നെടുവത്തൂ‌ർ ഗ്രാമപഞ്ചായത്തിൽ വനിതാ സംവരണമുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുരുഷനെ തിരഞ്ഞെടുത്തതോടെ ഫലം അസാധുവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. വരണാധികാരിക്കെതിരെ നടപടിക്ക് സാദ്ധ്യത. 10നായിരുന്നു പഞ്ചായത്ത് ഓഫീസിൽ തിര‌ഞ്ഞെടുപ്പ് നടന്നത്.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന സി.പി.എമ്മിലെ എം.സി.രമണി രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആരും മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എം.സി.രമണി, ഉദയകുമാർ, ആർ.സുരേഷ് കുമാർ, വി.വിദ്യ എന്നിവരാണ് അംഗങ്ങളായുള്ളത്. സി.പി.എം നിർദ്ദേശപ്രകാരമാണ് ആരും മത്സരിക്കാതിരുന്നത്. ബി.ജെ.പി അംഗമായ വി.വിദ്യ തിര‌ഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആരും മത്സരിക്കാൻ ഇല്ലാതെ വന്നതിനാൽ കമ്മിറ്റിയിലുള്ള ഏറ്റവും മുതിർന്ന അംഗത്തെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാമെന്ന ചട്ടം പാലിച്ചാണ് ഉദയകുമാറിനെ ചെയർമാനായി തിരഞ്ഞെടുത്തത്. എന്നാൽ വനിതാ സംവരണമാണെന്ന കാര്യം റന്നു. മാദ്ധ്യമങ്ങളിൽ ഉദയകുമാറിനെ തിരഞ്ഞെടുത്തത് വാർത്തയായി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിനം പിന്നിടുമ്പോഴും അബദ്ധം ബന്ധപ്പെട്ടവർ അറിഞ്ഞില്ല. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുള്ളതിനാൽ ഉദയകുമാറിന്റെ ചെയർമാൻ സ്ഥാനം അസാധുവാകും. ഉത്തരവാദിയായ വരണാധികാരി കൊട്ടാരക്കര താലൂക്ക് സ്റ്റാറ്റിറ്റിക്സ് ഓഫീസർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

വികസന കാര്യ ചെയർമാൻ

സ്ഥാനം ഇപ്പോഴും വിവാദം

സി.പി.എം തീരുമാനപ്രകാരം ക്ഷേമകാര്യം, വികസനകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാന്മാർ ഫെബ്രുവരി 17നാണ് രാജിവച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സ്വതന്ത്രരായി മത്സരിച്ച കെ.പി.ശ്രീകല, ഡി.അനിൽകുമാർ എന്നിവർക്കാണ് യഥാക്രമം ലഭിച്ചത്. ഇടത് പിന്തുണയോടെയാണ് സ്വതന്ത്രർ ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡ‌ന്റ് സ്ഥാനത്തേക്ക് പിന്നീട് ഇടത് മുന്നണി അവിശ്വാസം കൊണ്ടുവന്നെങ്കിലും ഇത് പരാജയപ്പെട്ടു. തുടർന്നാണ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരോട് രാജിവയ്ക്കാൻ സി.പി.എം ആവശ്യപ്പെട്ടത്. രാജിയെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ക്ഷേമകാര്യ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് പറഞ്ഞ പാർട്ടി വികസനകാര്യ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ കുഴയ്ക്കാട് വാർഡ് അംഗമായ സി.പി.എമ്മിലെ ഉഷാകുമാരിയോട് ആവശ്യപ്പെട്ടു. ഉഷാകുമാരി നാമനിർദ്ദേശ പത്രിക നൽകിയ ഉടൻ ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ച സി.പി.എമ്മിലെ തന്നെ ബി.വിജയൻപിള്ളയും പത്രിക നൽകി. മത്സരത്തിൽ വിജയൻപിള്ള ജയിച്ചു. പാർട്ടി നിർദ്ദേശം ലംഘിച്ചതിന് ബി.വിജയൻപിള്ളയ്ക്കെതിരെ സി.പി.എം നടപടിയ്ക്കൊരുങ്ങുകയാണ്. അതേ സമയം തോറ്റ ഉഷാകുമാരി വാർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതായി പാർട്ടി നേതൃത്വത്തെയും അറിയിച്ചു. ഇന്ന് രാജിക്കത്ത് നൽകിയേക്കും. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫ്-7, എൽ.ഡി.എഫ്-6, ബി.ജെ.പി-3, സ്വതന്ത്രർ-2 എന്നിങ്ങനെയാണ് കക്ഷിനില.