v
മഹാമാരിയാണ്: ആഘോഷങ്ങൾ പരിമിതപ്പെടുത്തണം

 ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് ആഘോഷങ്ങൾ നടത്തിയാൽ കേസെടുക്കും

കൊല്ലം: കൊറോണയുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങളും വിവാഹങ്ങളും ലളിതമാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ വെല്ലുവിളിച്ച് ആൾക്കൂട്ട ആഘോഷങ്ങൾ നടത്തിയാൽ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കും.

കൊറോണ ബാധിതനായ ഇറ്റാലിയൻ സ്വദേശി കൊല്ലത്തെ വിവിധ വിനോദ കേന്ദ്രങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തുവെന്ന് സ്ഥിരീകരിച്ചതോടെയാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. വിവാഹങ്ങളിൽ വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളായ 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന നിർദേശം ആരോഗ്യ വകുപ്പ് മുൻകൂട്ടി വിവാഹ വീടുകളിലെത്തി അറിയിക്കുകയാണ്. ജില്ലയിൽ ഇന്നലെ കൂടുതൽ ആളുകൾ പങ്കെടുത്ത വിവാഹങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായി. ചിലയിടങ്ങളിൽ ഓഡിട്ടോറിയത്തിലേക്കുള്ള ഗേറ്റ് പൂട്ടി അകത്ത് കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി.

ജനങ്ങൾക്ക് വേണ്ടിയാണ്,

സഹകരിച്ചേ മതിയാകൂ

ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും ഒരാൾക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകും. അവിടെയെത്തിയ നൂറ് കണക്കിനാളുകൾ രോഗനിഴലിലാകും. ഇവരെല്ലാം ഗൃഹ നിരീക്ഷണത്തിൽ 14 ദിവസം കഴിയേണ്ടി വരും. നിയന്ത്രണങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്ന ബോധം ഉൾക്കൊണ്ടേ മതിയാകൂ.

കല്യാണത്തിന് വിളിച്ചതല്ലേ,

പോകാതെ എങ്ങനാ?

വിളിച്ച കല്യാണത്തിന് പോകാതിരുന്നാൽ ബന്ധം എന്നേക്കുമായി ഇല്ലാതാകുമെന്ന ഭയത്തിലാണ് കൊറോണ കാലത്ത് പലരും കല്യാണത്തിന് പോകാൻ തുനിയുന്നത്. കൂടുതൽ ആളുകളെ വിളിക്കാതെ ചടങ്ങ് ലളിതമാക്കണമെന്ന ബോധം ഉത്സവ സംഘാടകരും വിവാഹം നടത്തുന്നവരും കാണിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ചടങ്ങുകളിൽ 20 ൽ താഴെ

ആളുകളെ പാടുള്ളൂ

20ൽ താഴെ ആളുകൾ മാത്രം പങ്കെടുക്കുന്ന തരത്തിലാണ് വിവാഹം, പിറന്നാൾ, വിവാഹ നിശ്ചയം, ഉത്സവങ്ങൾ എന്നിവ സംഘടിപ്പിക്കേണ്ടത്. കടുത്ത ജാഗ്രത നിലനിൽക്കുന്ന 31 വരെ ഇത് പിന്തുടരണം. അവഗണിച്ചാൽ കേസെടുക്കുമെന്ന നിലപാടിൽ ജില്ലാ ഭരണകൂടം ഉറച്ച് നിൽക്കകുകയാണ്.

''

ചടങ്ങുകൾ ലളിതമാക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികളുണ്ടാകും.

ബി.അബ്‌ദുൽ നാസർ,

ജില്ലാ കളക്ടർ