ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയ കോൺഗ്രസ് നേതാവും ക്ഷീരസംഘം പ്രസിഡന്റുമായ വേണുഗോപാല കുറുപ്പിനെ തിരുവനന്തപുരം മേഖലാ ക്ഷീരോൽപ്പാദക യൂണിയൻ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ക്ഷീരകർഷകർ രംഗത്ത്.
കേന്ദ്ര സർക്കാർ പദ്ധതിയായ സ്റ്റെപ്പ് പദ്ധതി നടത്തിപ്പിലാണ് സംഘത്തിൽ അഴിമതി നടന്നത്. ക്ഷീര സംഘം പ്രസിഡന്റായ വേണുഗോപാലകുറുപ്പും സെക്രട്ടറിയായ ഉദയഭാനുവും ക്രമക്കേട് നടത്തിയതായി ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കണ്ടെത്തുകയും നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ക്ഷീരസംഘം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഇരുന്നൂറോളം ക്ഷീര കർഷകർക്ക് രണ്ടായിരം രൂപയും അഞ്ചു ലിറ്ററിന്റെ പാൽ പാത്രവും വിതരണം ചെയ്തെങ്കിലും പിന്നീട് പദ്ധതി നടത്തിപ്പിനായി ഒന്നും ചെയ്തില്ല.
കൊല്ലത്തെ ഇടത് കോട്ടയായ ശൂരനാട്ട് ക്ഷീരസംഘത്തിലെ അഴിമതിയെ കുറിച്ച് ആരോപണങ്ങൾ ഉണ്ടായിട്ടും ഇടത് പാർട്ടികൾ കണ്ണടച്ചതും കേന്ദ്ര പദ്ധതിയിൽ അഴിമതി നടത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ ക്ഷീരസംഘത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും ഭരണസമിതിക്കെതിരെ പ്രതികരിക്കാൻ ബി.ജെ.പി നേതൃത്വവും തയ്യാറായിട്ടില്ല.
''
അന്വേഷണത്തിന്റെ ആദ്യം ഘട്ടം മുതൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള ഉന്നത ഇടപെടീലുകളാണ് അന്വേഷണ റിപ്പോർട്ടും നടപടികളും വൈകിപ്പിച്ചത്.
അജയകുമാർ, കേസിലെ വാദി