കൊല്ലം: കോവിഡ് -19 മായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു.
ജില്ലയുടെ പരിധിയിലെ ആഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയിൽ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. നിയന്ത്രണം ലംഘിച്ച് അൻപതിൽ കൂടുതൽ പേർ ഒരുമിച്ച് കൂടുന്നപക്ഷം യുക്തമെന്ന് തോന്നുന്ന വിധത്തിൽ ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് നടപടി സ്വീകരിക്കാൻ സിറ്റി, റൂറൽ ജില്ലാ പൊലീസ് ചീഫുമാരെ ചുമതലപ്പെടുത്തി. ഇവർ ആവശ്യപ്പെടുന്നപക്ഷം ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനും ജലവിതരണവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ എന്നിവർക്ക് നിർദ്ദേശം നൽകി. തുടർന്നും നിർദ്ദേശങ്ങൾ ലംഘിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന ലൈസൻസ് റദ്ദ് ചെയ്യുകയും അവ പൂട്ടി സീൽ ചെയ്യുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചുള്ള വിശ്വാസപരമായ ആചാര ചടങ്ങുകൾ നടത്തുന്നതിന് അത്യാവശ്യമുള്ള വ്യക്തികളെ മാത്രം ഉൾപ്പെടുത്തി അവ നടത്തണം. ഘോഷയാത്രകൾ, കൂട്ടപ്രാർത്ഥനകൾ, മരണാനന്തര ചടങ്ങുകൾ മുതലായവയിലും ഇതേ നടപടിക്രമം പാലിക്കണം. അത്യാവശ്യത്തിലധികം ആൾക്കാർ പങ്കെടുക്കുന്നുണ്ടെന്ന് തോന്നിയാൽ അവരെ പിരിച്ചുവിടാൻ പൊലീസ്, ആരോഗ്യ വകുപ്പുകൾക്ക് അതത് പ്രദേശത്തെ എക്സി. മജിസ്ട്രേറ്റുമാരുടെ നിർദ്ദേശ പ്രകാരം നടപടി സ്വീകരിക്കാം.
ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് അവരവരുടെ മാതൃഭാഷയിൽ ബോധവത്കരണ സന്ദേശങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റ് ഉചിതമായ മാർഗ്ഗങ്ങളിലും നൽകാൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി.
ജില്ലയിലെ എല്ലാ പൊതുപരിപാടികളും കലാ - കായിക മത്സരങ്ങളും വാണിജ്യ മേളകളും നിരോധിച്ചു. ഏതു സാഹചര്യത്തിലും അത്യാവശ്യങ്ങൾക്കായല്ലാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നുവെന്ന് ബോദ്ധ്യപ്പെട്ടാൽ അവരെ പിരിച്ചുവിടാൻ സബ് ഇൻസ്പെക്ടറുടെ പദവിയിൽ താഴെയല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയും ഹെൽത്ത് ഇൻസ്പെക്ടറുടെ പദവിയിൽ താഴെയല്ലാത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും വില്ലേജ് ഓഫീസറുടെ പദവിയിൽ താഴെയല്ലാത്ത റവന്യൂ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഉത്തരവിന് മാർച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങളിലേതിന് പുറമെ ദുരന്ത നിവാരണ നിയമ പ്രകാരം കൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.