പ്രദേശത്തിന്റെ വിശദമായ സർവേ ഉടൻ
കൊല്ലം: അശ്രാമത്തെ ജൈവ വൈവിദ്ധ്യ പൈതൃക കേന്ദ്രത്തിന്റെ സംരക്ഷണത്തിനുള്ള മാനേജ്മെന്റ് ആക്ഷൻ പ്ലാൻ തയ്യാറായി. വിവിധ വകുപ്പുകളുമായി ചേർന്ന് ആശ്രാമത്ത് നടപ്പാക്കുന്ന പദ്ധതികളാണ് ആക്ഷൻ പ്ലാനിലുള്ളത്.
ജൈവ വൈവിദ്ധ്യ മേഖലയിലുള്ള അപൂർവ്വ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും സംരക്ഷണത്തിനുള്ള പദ്ധതികൾ, ഇത്തരം സസ്യങ്ങൾക്കും വൃക്ഷങ്ങളുടെയും നിലനില്പിന് ദോഷം ചെയ്യുന്ന മറ്റുള്ളവ നീക്കം ചെയ്യൽ, ജൈവ വൈവിദ്ധ്യ മേഖല - ജൈവമതിൽ നിർമ്മാണം എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്ന പദ്ധതികൾ. ആശ്രാമത്തെ 160, 161, 162 എന്നീ റവന്യൂ ബ്ലോക്ക് നമ്പരുകളിൽ ഉൾപ്പെട്ട 57.53 ഹെക്ടർ ഭൂമിയാണ് ജൈവ വൈവിദ്ധ്യ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശത്തിന്റെ വിശദമായ സർവേ ഉടൻ നടത്തും.
നഗരസഭയുടെ കീഴിലുള്ള ജൈവ വൈവിദ്ധ്യ മാനേജ്മെന്റ് തയ്യാറാക്കിയ ആക്ഷൻ പ്ലാൻ കഴിഞ്ഞ ദിവസം ചേർന്ന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സാങ്കേതിക സമിതി അംഗീകരിച്ചു. ഇതുപ്രകാരം തദ്ദേശ സ്ഥാപനങ്ങളോടും സർക്കാർ വകുപ്പുകളോടും പ്ലാൻ ഫണ്ടിൽ നിന്ന് നിശ്ചിത തുക നീക്കി വയ്ക്കാൻ ആവശ്യപ്പെടും.
മേയ് 22ന് ആക്ഷൻ പ്ളാൻ പ്രകാശനവും ഉദ്ഘാടനവും
ലോക ജൈവ വൈവിദ്ധ്യ ദിനമായ മേയ് 22ന് കൊല്ലത്ത് നടക്കുന്ന കേരള ജൈവ വൈവിദ്ധ്യ കോൺഗ്രസ് വേദിയിൽ മാനേജ്മെന്റ് ആക്ഷൻ പ്ലാനിന്റെ പ്രകാശനവും പദ്ധതി നടപ്പാക്കലിന്റെ ഉദ്ഘാടനവും നടക്കും. പ്ലാൻ നടപ്പാക്കുന്നതിന് മുന്നോടിയായി ആശ്രാമം ജൈവ വൈവിദ്ധ്യ മേഖലയുടെയും അഷ്ടമുടിക്കായൽ അടക്കമുള്ള സമീപ മേഖലയുടെയും വികസനത്തിനായി നിലവിൽ നടപ്പാക്കി വരുന്ന പദ്ധതികളും നീക്കി വച്ചിട്ടുള്ള തുകയും സംബന്ധിച്ച് വിവിധ വകുപ്പുകളോടും തദ്ദേശ സ്ഥാപനങ്ങളോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
57.53 ഹെക്ടർ ജൈവ വൈവിധ്യ മേഖലയിൽ
വംശനാശ ഭീഷണി നേരിടുന്ന 160 ഓളം സസ്യങ്ങൾ
15 ഓളം ഇനത്തിൽപ്പെട്ട കണ്ടലുകൾ
വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി, പോങ്ങ് തുടങ്ങിയ വൃക്ഷങ്ങൾ