ജീവനക്കാർക്ക് ഈമാസം ശമ്പളം കിട്ടുമോയെന്ന് ആശങ്ക
ജില്ലയിൽ വരുമാനം പകുതിയായി
കൊല്ലം: പകുതിയോളം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈമാസം ശമ്പളം കിട്ടുമോയെന്ന് ആശങ്ക. മാസത്തെ ആദ്യ പതിനഞ്ച് ദിവസത്തിനിടയിൽ 13 ഡ്യൂട്ടി ചെയ്യുന്നവരുടെ ശമ്പളമേ പാസാക്കൂ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ പകുതിയോളം ജീവനക്കാർക്ക് 13 ഡ്യൂട്ടി തികയ്ക്കാനായില്ല.
13 ഡ്യൂട്ടി തികയാത്തവർക്ക് ബാക്കി ദിവസങ്ങളിൽ കാഷ്വൽ ലീവും അനുവദിക്കുന്നില്ല. 15 ഡ്യൂട്ടി തികച്ചവർക്കും ശമ്പളം നൽകാനാവാത്ത വിധം കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 9 ഡിപ്പോകളിലായി 536 ഷെഡ്യൂളുകളാണ് ജില്ലയിൽ ആകെയുള്ളത്. ഇതിൽ കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 360 സർവീസുകൾ മാത്രമാണ് നടത്തിയത്. യാത്രക്കാരുള്ള ബസുകളിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്യുന്നതിനാൽ കെ.എസ്.ആർ.ടി.സി സാധാരണ നിലയിൽ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചാലും വരുമാനത്തിൽ കാര്യമായ ഇടിവ് ഉണ്ടാകാറില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതോടെ നിരത്തിലിറങ്ങിയ ബസുകളിലും ആളില്ലാത്ത അവസ്ഥയാണ്.
ഡിപ്പോ, ആകെ ഷെഡ്യൂൾ, കഴിഞ്ഞ ഒരാഴ്ചയായി ഓപ്പറേറ്റ് ചെയ്യുന്നത്, നേരത്തയുള്ള ശരാശരി വരുമാനം, കൊറോണ കാലത്തെ ശരാശരി വരുമാനം
കൊല്ലം 96 - 60 - 11,80,000 - 5,00,000
കൊട്ടാരക്കര 104 - 80 - 13,00,000 - 8,50,000
പുനലൂർ 62 - 53 - 7,00,000 - 3,00,000
പത്തനാപുരം 44 - 28 - 6,00,000 - 3,00,000
ചാത്തന്നൂർ 47 - 29 - 6,00,000 - 3,00,000
കരുനാഗപ്പള്ളി 76 - 48 - 8,00,000 - 3,50,000
ചടയമംഗലം 59 - 29 - 6,30,000 - 2,00,000
കുളത്തൂപ്പുഴ 32 - 24 - 4,00,000 2,75,000
ആര്യങ്കാവ് 16 - 9 - 1,60,000 - 75,000
പ്രതിദിന ശരാശരി വരുമാനം:
6.37 കോടി
ഇപ്പോൾ: 3.15 കോടി
ഡിപ്പോകൾ: 9
ഷെഡ്യൂളുകൾ: 536
ഇപ്പോൾ: 360