corona

കൊല്ലം: കടുത്ത പനി ബാധിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ അമേരിക്കൻ വനിതയെ കൊറോണ ഭീതിയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ ഡൽഹിയിൽ നിന്നുള്ള കേരള എക്സ്‌പ്രസിലാണ് ഇവർ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയത്. ഒന്നാം പ്ലാറ്റ്ഫോമിലെ വിശ്രമ ബെഞ്ചിൽ അവശനിലയിൽ വിദേശ വനിത ഇരിക്കുന്നെന്ന വിവരം യാത്രക്കാരാണ് സ്റ്റേഷനിലെ കൊറോണ ഹെൽപ്പ് ഡെസ്കിൽ അറിയിച്ചത്.

തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തി. ശരീര താപനില വളരെ ഉയർന്ന നിലയിലായിരുന്നു. 59 വയസുണ്ടെന്നും 2018 മുതൽ ഇന്ത്യയിലുണ്ടെന്നുമാണ് ഇവർ പറഞ്ഞത്. മൂന്ന് ദിവസമായി പനിയുണ്ടെന്നും വിശ്രമിക്കണമെന്നും പറഞ്ഞ ഇവർ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലേക്ക് പോകാൻ വാഹനം സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇവരുടെ ആരോഗ്യ നിലയിൽ ആശങ്ക തോന്നിയ ഉദ്യോഗസ്ഥർ ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ടു. ഒന്നര മണിക്കൂറിനകം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്ന് കൊറോണ ഡ്യൂട്ടിയിലുള്ള ആംബുലൻസ് സ്റ്റേഷനിലെത്തി. തുടർന്ന് വിശദ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇവരെ മൂന്നരയോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

യാത്രക്കാരിൽ ആശങ്ക,

വിജനമായി സ്റ്റേഷൻ

ഒന്നാം പ്ലാറ്റ്ഫോമിന്റെ കിഴക്ക് ഭാഗത്തെ ബെഞ്ചിലാണ് അമേരിക്കൻ വനിത അവശനിലയിൽ വിശ്രമിച്ചത്. ഇത് കണ്ടപ്പോൾ തന്നെ യാത്രക്കാരിൽ പലരും കൊറോണയെന്ന് പറഞ്ഞ് തുടങ്ങി. ഉദ്യോഗസ്ഥരെത്തി പരിശോധിച്ചതോടെ ഒന്നാം പ്ലാറ്റ് ഫോമിന്റെ കിഴക്ക് ഭാഗവും ഒന്ന് (എ) പ്ലാറ്റ്ഫോമും വിജനമായി. റെയിൽവേ ഉദ്യോഗസ്ഥരും പൊലീസും ഇവരുടെ സമീപത്തെത്തി സംസാരിച്ചതോടെ ട്രെയിൻ കാത്തുനിന്ന യാത്രക്കാരിൽ പലരും സ്റ്റേഷനിൽ നിന്നിറങ്ങി. മെഡിക്കൽ കോളേജിൽ നിന്നെത്തിയ ആംബുലൻസ് ഡ്രൈവർ കൊറോണ പ്രതിരോധ വസ്ത്രം ധരിച്ചാണ് വിദേശ വനിതയുടെ അടുത്തെത്തിയത്. ഇതോടെ കൊറോണ ബാധിതയെ കൊണ്ടുപോകുന്ന കാഴ്ച കാണാൻ സ്റ്റേഷന് മുന്നിൽ വളരെ ദൂരെയായി ജനങ്ങളും കൂടിനിന്നു.