കൊല്ലം: കൊറോണ വൈറസിൽ നീറി ഒരുമാസത്തിനുള്ളിൽ കശുഅണ്ടി മേഖലയിലുണ്ടായ നഷ്ടം ആയിരം കോടിയിലേറെയെന്ന് പ്രാഥമിക വിലയിരുത്തൽ. കയറ്റുമതി പൂർണമായും നിലച്ചു. ആഭ്യന്തരവിപണിയും നിശ്ചലമായി.
കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികളിൽ 90 ശതമാനവും അടഞ്ഞുകിടക്കുന്നു. സ്വകാര്യ ഫാക്ടറികളും പേരിനുമാത്രമാണ് പ്രവർത്തിക്കുന്നത്.
തോട്ടണ്ടി സംഭരണത്തിനായി പല ആഫ്രിക്കൻ രാജ്യങ്ങളിലും ഖാന, സെനഗൽ എന്നിവിടങ്ങളിലും പോയ പലർക്കും തിരിച്ചുവരാനും കഴിഞ്ഞിട്ടില്ല. മദ്ധേഷ്യയാണ് കേരള കശുഅണ്ടിയുടെ ഏറ്റവും വലിയ വിപണി. ഇന്ത്യൻ കശുഅണ്ടി യു.എ.ഇയാണ് വലിയ തോതിൽ ഇറാനിലേയ്ക്കും മറ്റും കയറ്റി അയയ്ക്കുന്നത്. കൊറോണയിൽ ആദ്യം പ്രതിസന്ധി നേരിട്ട പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാൻ. അവർ കശുഅണ്ടി വാങ്ങുന്നത് നിറുത്തി. യു.എ.ഇ യാതൊന്നും ഇറക്കുമതി ചെയ്യാതെയായി.
കുറഞ്ഞത് 5,000 കോടിയുടെ കശുഅണ്ടിയാണ് വാർഷിക കയറ്റുമതി. ക്യാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലും മറ്റ് സർക്കാർ - സർക്കാരിതര സ്ഥാപനങ്ങളും നഷ്ടക്കണക്കെടുപ്പ് തുടങ്ങി.
ഉത്സവ സീസണുകളിലാണ് ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ കച്ചവടം. ഇക്കുറി ഹോളി അടക്കമുള്ള ഉത്സവ കാലത്ത് കൊറോണ ഭീതി പരന്നതോടെ ആ കച്ചവടം ഇല്ലാതായി.
നിരവധി സമ്മേളനങ്ങളും കോൺഫറൻസുകളും ഇത്തരത്തിൽ റദ്ദാക്കി. ഇതിലൂടെയും 400 കോടി വിപണി നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു.
കശുഅണ്ടി കയറ്റുമതി
ഒരുവർഷം: 5000 കോടി
ഈ മാസം നഷ്ടം : 400 - 500 കോടി