cashew-

കൊല്ലം: കൊറോണ വൈറസിൽ നീറി ഒരുമാസത്തിനുള്ളിൽ കശുഅണ്ടി മേഖലയിലുണ്ടായ നഷ്ടം ആയിരം കോടിയിലേറെയെന്ന് പ്രാഥമിക വിലയിരുത്തൽ. കയറ്റുമതി പൂർണമായും നിലച്ചു. ആഭ്യന്തരവിപണിയും നിശ്ചലമായി​.

കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്‌സിന്റെയും ഫാക്ടറികളിൽ 90 ശതമാനവും അടഞ്ഞുകിടക്കുന്നു. സ്വകാര്യ ഫാക്ടറികളും പേരി​നുമാത്രമാണ് പ്രവർത്തിക്കുന്നത്.

തോട്ടണ്ടി സംഭരണത്തിനായി പല ആഫ്രിക്കൻ രാജ്യങ്ങളിലും ഖാന, സെനഗൽ എന്നിവിടങ്ങളിലും പോയ പലർക്കും തിരിച്ചുവരാനും കഴിഞ്ഞിട്ടില്ല. മദ്ധേഷ്യയാണ് കേരള കശുഅണ്ടിയുടെ ഏറ്റവും വലിയ വി​പണി​. ഇന്ത്യൻ കശുഅണ്ടി യു.എ.ഇയാണ് വലിയ തോതിൽ ഇറാനിലേയ്ക്കും മറ്റും കയറ്റി അയയ്ക്കുന്നത്. കൊറോണയിൽ ആദ്യം പ്രതിസന്ധി നേരിട്ട പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാൻ. അവർ കശുഅണ്ടി വാങ്ങുന്നത് നിറുത്തി. യു.എ.ഇ യാതൊന്നും ഇറക്കുമതി ചെയ്യാതെയായി.

കുറഞ്ഞത് 5,​000 കോടിയുടെ കശുഅണ്ടിയാണ് വാർഷി​ക കയറ്റുമതി. ക്യാഷ്യു എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലും മറ്റ് സർക്കാർ - സർക്കാരിതര സ്ഥാപനങ്ങളും നഷ്ടക്കണക്കെടുപ്പ് തുടങ്ങി.

ഉത്സവ സീസണുകളിലാണ് ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ കച്ചവടം. ഇക്കുറി ഹോളി അടക്കമുള്ള ഉത്സവ കാലത്ത് കൊറോണ ഭീതി​ പരന്നതോടെ ആ കച്ചവടം ഇല്ലാതായി​.

നിരവധി സമ്മേളനങ്ങളും കോൺഫറൻസുകളും ഇത്തരത്തിൽ റദ്ദാക്കി. ഇതിലൂടെയും 400 കോടി വിപണി നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു.

കശുഅണ്ടി കയറ്റുമതി

ഒരുവർഷം: 5000 കോടി

ഈ മാസം നഷ്ടം : 400​​​ ​- 500 കോടി