കൊല്ലം: രേഖകളില്ലാതെ കൊണ്ടുവന്ന 2.400 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി, ഭരണിക്കാവ് എന്നിവിടങ്ങളിൽ നിന്നായി സ്റ്റേറ്റ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കരുനാഗപ്പള്ളി മൊബൈൽ സ്ക്വാഡ് -3 പിടികൂടി. തൃശൂരിൽ നിന്ന് ജില്ലയിലെ വിവിധ ജൂവലറികളിലേക്കായാണ് ഒരുകോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കൊണ്ടുവന്നത്. സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ സി.ജെ.സാബുവിന്റെയും അസി. കമ്മിഷണർ എച്ച്.ഇർഷാദിന്റെയും നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്. നികുതി, പിഴ ഇനത്തിൽ 6.28 ലക്ഷം രൂപ ഈടാക്കി സ്വർണാഭരണങ്ങൾ ഉടമയ്ക്ക് വിട്ടുനൽകി. സ്റ്റേറ്റ് ടാക്സ് ഓഫീസർ എസ്.രജീവിന്റെ നേതൃത്വത്തിൽ അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ എ.ആർ.ഷമീംരാജ്, ബി.രാജേഷ്, എസ്.രാജേഷ് കുമാർ, ബി.രാജീവ്, ടി.രതീഷ്, വി.രഞ്ജിനി, ഇ.ആർ.സോനാജി, പി.ശ്രീകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അഞ്ച് മാസത്തിനിടെ രേഖകളില്ലാതെ കൊണ്ടുവന്ന 6.5 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് കരുനാഗപ്പള്ളി ജി.എസ്.ടി ഇന്റലിജൻസ് സ്ക്വാഡ് പിടികൂടിയത്. പിഴയിനത്തിൽ 38 ലക്ഷം രൂപ ഈടാക്കി.