അര ഏക്കറോളം ഭൂമിയിലെ കാട് തീ പിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു
പുനലൂർ: കൊല്ലം - തിരുനെൽവേലി റെയിൽവേ പാതയോരത്ത് പുനലൂരിൽ തീ പടർന്ന് പിടിച്ചത് അണയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി ട്രെയിൻ കടന്ന് പോയത് യാത്രക്കാരെ ഭീതിയിലാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പുനലൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് അര കിലോമീറ്റർ ദൂരത്തെ ശിവൻകോവിൽ റോഡിന് സമീപമുള്ള പാതയോരത്തെ കാടുകളിലാണ് തീ പടർന്ന് പിടിച്ചത്. ഈ സമയം തമിഴ്നാട്ടിൽ നിന്ന് കൊല്ലത്തേക്കുളള ട്രയിനാണ് കടന്ന് പോയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പുനലൂർ ഫയർ സ്റ്റേഷനിലെ അസി. ഓഫീസർ പി. സജുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ തീ അണച്ചു. തുടർന്ന് കൊല്ലത്ത് നിന്ന് ചെന്നൈയിലേക്കുളള ട്രയിനും ഇത് വഴി തന്നെ കടന്ന് പോയി.
യാത്രക്കാർ പരിഭ്രാന്തരായി
പാതയോരത്തെ തീയും പുകയും കണ്ട യാത്രക്കാർ പരിഭ്രാന്തരായി. റെയിൽവേ ട്രാക്കിനോട് ചേർന്ന പാതയോരത്തെ അര ഏക്കറോളം ഭൂമിയിലെ കാടുകൾ തീ പിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. പാതയോരത്ത് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളും ഭീതിയിലായി. കൊല്ലം - എഗ്മോർ, തിരുനെൽവേലി - പാലരുവി, ഇടമൺ - ഗുരുവായൂർ എക്സ്‌പ്രസ് അടക്കമുളള നിരവധി ട്രെയിനുകൾ കടന്ന് പോകുന്ന പാതയോരത്തെ കാടുകളിലാണ് തീ പിടിത്തമുണ്ടായത്.
നാട്ടുകാരുടെ പരാതി
പുനലൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്ലാറ്റ് ഫോമുകളും സമീപ പ്രദേശങ്ങളും കാട് മൂടിയിരിക്കുകയാണ്. ഇത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തതാണ് തീ പിടിത്തത്തിന്റെ മുഖ്യ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷത്തെ വേനലിലും ഈ ഭാഗത്തെ പാതയോരത്ത് തീ പിടിത്തമുണ്ടായിരുന്നു. പാതയുടെ രണ്ട് വശങ്ങളിലുമുള്ള കാടുകൾ വളർന്ന് ട്രാക്കിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇതാണ് യാത്രക്കാരിൽ ആശങ്ക വർദ്ധിപ്പിക്കുന്നത്.