c
കൊറോണ ഭീതി: ആളൊഴിഞ്ഞ് കൊട്ടാരക്കര ടൗൺ

കൊട്ടാരക്കര: കൊറോണ ഭീതിയെ തുടർന്ന് സദാ തിരക്കേറിയ കൊട്ടാരക്കര ടൗൺ നിശ്ചലമായ അവസ്ഥയിൽ. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളും ജനങ്ങളെ അനാവശ്യമായ ഭീതിയിലേക്കെത്തിക്കുന്നുണ്ട്. കൊറോണ ഭീഷണി ഇല്ലാതാക്കാൻ ആരോഗ്യ വകുപ്പ് എല്ലാവിധ ശ്രമങ്ങളും നടത്തി വരുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗം സംശയിക്കുന്നവരുടെ സ്രവം ശേഖരിച്ച് വൈറോളജി ടെസ്റ്റിന് അയക്കാനുള്ള ക്രമീകരണം ആരംഭിച്ചു. താലൂക്ക് ആശുപത്രിയിലെ മുഴുവൻ പേവാർഡുകളും ഒഴിപ്പിച്ചു. അവ ഐസൊലേഷൻ വാർഡുകളായി പ്രവർത്തിക്കും. കൊറോണയെ പ്രതിരോധിക്കുന്നതിനായി ഐസൊലേഷൻ വാ‌ർഡുകളിലേക്ക് രണ്ട് ഡോക്ടർമാരെയും രണ്ടു സ്റ്റാഫിനെയും നിമയിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ അറിയിച്ചു. മൂന്നു ഡോക്ടർമാർക്കും മൂന്നു സ്റ്റാഫിനും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഇതിനുള്ള പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഇതുവരെ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കൊറോണ സംശയിക്കുന്ന ഒരു രോഗി പോലും എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയും പ്രതിസന്ധിയിൽ

കൊട്ടാരക്കരയിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നുണ്ടെങ്കിലും അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും ആരും ടൗണിലെത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ജനങ്ങൾ പുറത്തിറങ്ങാതായതോടെ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകളിൽ തിരക്ക് കുറഞ്ഞു. കൊട്ടാരക്കര ഡിപ്പോയിൽ നിലവിലുള്ള ഷെഡ്യൂളുകളിൽ പകുതിയോളവും യാത്രക്കാരുടെ കുറവു മൂലം റദ്ദു ചെയ്യേണ്ട അവസ്ഥയിലാണ്.