കൊല്ലം: മീശമാധവൻ എന്ന വട്ടപ്പേരിൽ അറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് പിടിയിലായി. കരിക്കോട് നൗഷാദ് മൻസിലിൽ ഷംനാദാണ് (26) അറസ്റ്റിലായത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കരിക്കോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ഷംനാദ് പിടിയിലായത്. വീട്ടിലെത്തിച്ച് പരിശോധന നടത്തുന്നതിനിടയിൽ ജനൽ ചില്ലിൽ തലയിടിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ രാപൽ വ്യത്യാസമില്ലാത ഇയാളുടെ വീട്ടിൽ കഞ്ചാവ് വാങ്ങാൻ വരുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയാണ് കച്ചവടം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ എ.ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർ രാജു, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, സതീഷ് ചന്ദ്രൻ, എമേഴ്‌സൺ ലാസർ, ദിലീപ്, ഡ്രൈവർ ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. കൃഷ്ണകുമാർ ഏറ്റെടുത്തു.