ചവറ : അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ച ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ചക്രസ്തംഭന സമരം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ നീക്കത്തിന് പുറമേ സംസ്ഥാന സർക്കാരും നികുതി പിൻവലിക്കാത്തത് ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാവിലെ 11 മുതൽ 11.05 വരെ സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ദേശീയപാത ഉപരോധിച്ചു കൊണ്ടായിരുന്നു കേന്ദ്ര സർക്കാരിന്റ പെട്രോൾ വില വർദ്ധനവിനെതിരെ പ്രതിഷേധിച്ചത്. യോഗപരിപാടികൾ ഒന്നും നടത്തിയില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ചക്ര സ്തംഭന സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിഷ സുനീഷ് അദ്ധ്യക്ഷത വഹിച്ചു. ജോയി മുട്ടം, മണ്ഡലം പ്രസിഡന്റുമാരായ ഷെബീർഖാൻ, കുറ്റിയിൽ മുഹ്സിൻ, തേവലക്കര ശിവപ്രസാദ്, അതുൽ എസ്.പി, തമീം താജ്, നെസ്‌ഫൽ, റിനോസ്, മുനീർ, ഫെബ സുദർശനൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.