v
പുനലൂരിൽ കെ.എസ്.ആർ.ടി.സി.യുടെ വരുമാനം പകുതിയായി കുറഞ്ഞു

പുനലൂർ: കൊറോണ വൈറസ് ഭീതിയെ തുടർന്ന് പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ വരുമാനം ഗണ്യമായി കുറഞ്ഞു. കൊറോണയെ തുടർന്ന് ജനങ്ങൾ ബസ് യാത്ര ഒഴിവാക്കിയതാണ് വരുമാനം കുറയാൻ മുഖ്യകാരണം. പ്രതിദിനം 6.5 ലക്ഷം രൂപ വരുമാനമായി ലഭിച്ചിരുന്ന ഡിപ്പോയിൽ ഇപ്പോൾ 3.5ലക്ഷം രൂപയാണ് കുലഭിക്കുന്നത്. പുനലൂർ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം, കോട്ടയം, തെങ്കാശി, കട്ടപ്പന, കരുനാഗപ്പള്ളി, ഗുരുവായൂർ തുടങ്ങിയ ദീർഘ ദൂര സർവീസുകൾ ഒന്നും മുടങ്ങാതെ നടത്താറുണ്ടെങ്കിലും ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതാണ് വരുമാനം കുറയാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ദീർഘദൂര സർവീസുകൾക്ക് പുറമേ ഗ്രാമീണ മേഖലയിൽ സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസുകളിലും യാത്രക്കാർ കുറവാണ്. രോഗം പടർന്ന് പിടിക്കുമെന്ന കടുത്ത ആശങ്കയിൽ വീടിനു പുറത്തിറങ്ങാൻ പോലും മടിക്കുകയാണ് ജനങ്ങൾ. ഈ നില തുടർന്നാൽ ഇന്ന് മുതൽ ഷെഡ്യൂളുകളുടെ എണ്ണം വെട്ടിക്കുറക്കുമെന്നും അധികൃതർ അറിയിച്ചു.