ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
അഞ്ചാലുംമൂട്: ഒരുമാസത്തിനിടെ അഞ്ചാലുംമൂട് മേഖലയിൽ വിദേശത്ത് നിന്ന് എത്തിയത് നൂറിലധികം പേർ. ആരോഗ്യവകുപ്പിന്റെ തൃക്കടവൂർ, തൃക്കരുവ, പനയം ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലാണ് നൂറോളം പേർ എത്തിയിട്ടുള്ളത്. ഇവരോട് പതിനാല് ദിവസം വീടുകളിൽ കഴിയാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരോട് കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ കഴിയാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തൃക്കടവൂർ മേഖലയിൽ 50 പേരും തൃക്കരുവയിൽ 57 പേരുമാണ് വിദേശത്ത് നിന്ന് വന്നിട്ടുള്ളത്. ഇവർ ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ്. തൃക്കരുവയിൽ സംശയത്തിലിരുന്ന അഞ്ചുപേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതിൽ നാലെണ്ണം നെഗറ്റീവാണ്. ഒരാളുടെ ഫലം ലഭിച്ചിട്ടില്ല.
വിദേശ യുവാവ് ഉത്സവത്തിന്; രോഗബാധിതനല്ലെന്ന് നിഗമനം
തൃക്കടവൂരിൽ ഒരു ക്ഷേത്രത്തിലെ ഉത്സവപരിപാടിക്കിടെ വിദേശിയായ യുവാവ് പ്രദേശവാസികളോടൊപ്പം നൃത്തം വയ്ക്കുന്നതും ആലിംഗനം ചെയ്യുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പരക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇയാൾ റിസോർട്ടിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയതാണെന്നും തിരികെ നാട്ടിലേക്ക് മടങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇതേപ്പറ്റി ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാൾ രോഗബാധിതനല്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വകാര്യ ആശുപത്രികളിൽ തിരക്കൊഴിയുന്നു
ജില്ലാ ആശുപത്രിയിലും പ്രാഥമിക കേന്ദ്രങ്ങളിലും എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെങ്കിലും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ശരാശരി 600 മുതൽ 800 പേർ വരെ ഒ.പിയിൽ ചികിത്സതേടുന്ന അഞ്ചാലുംമൂട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി നൂറിനും നൂറ്റിഅൻപതിനും ഇടയിൽ മാത്രമാണ് രോഗികളെത്തിയത്. ഒ.പിയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന് അവധിയിൽ പ്രവേശിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്ന സൂചനയും ആശുപത്രി അധികൃതർ ജീവനക്കാരോട് പങ്കുവച്ചതായാണ് വിവരം.